കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം; എല്ലാം വീട്ടുകാർ നോക്കുമെന്ന്’ ഡ്രൈവറുടെ വെല്ലുവിളി
നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. കാറിന്റെ ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി.
അപകടത്തിന് പിന്നാലെ കാറില്‍നിന്നിറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചെന്നും എന്തുവന്നാലും വീട്ടുകാർ നോക്കിക്കൊള്ളുമെന്ന് വെല്ലുവിളിച്ചെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാർ ഡ്രൈവർ സുഹൈല്‍ സജീവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഇന്ന് പുലർച്ചെ അത്താണി സിഗ്നലിന് സമീപമായിരുന്നു മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.
വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ നൂറുമീറ്ററോളം കാറിനൊപ്പം റോഡിലൂടെ നിരങ്ങിനീങ്ങി. സ്കൂട്ടർ യാത്രികരായ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടതെന്ന് നാട്ടുകാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓടിയെത്തിയപ്പോള്‍ മൂന്നുപേർ റോഡില്‍ കിടക്കുന്നതാണ് കണ്ടത്.
ഉടൻ പൊലീസില്‍ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. കാറില്‍ രണ്ടുപേരുണ്ടായിരുന്നുവെന്നും വാഹനത്തില്‍നിന്നിറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചെന്നും ദൃക്സാക്ഷി പറഞ്ഞു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവച്ചതായും വിവരമുണ്ട്.മരിച്ച ഗോപിക പാലക്കാട് സ്വദേശിനിയും ദേവിക വയനാട് സ്വദേശിനിയുമാണ്. ഇജാസ് കർണാടക സ്വദേശിയാണ്.
മൂന്നുപേരും തൃക്കാക്കരയിലെ ഒരു ഷോപ്പിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.അപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സുഹൈല്‍ സജീവിനെക്കുറിച്ചുള്ള വിവരങ്ങളും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.



