ഭാര്യയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി
ബെംഗളൂരു: വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ രാജാഗോപാൽനഗറിലുള്ള വാടകവീട്ടിൽ യുവ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദക്ഷിണ കന്നഡ സ്വദേശിയായ സുമന്ത് ജെയിൻ (32), ഭാര്യ പത്മാവതി (28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ നാല് മാസമായി ഇരുവരും ഹെഗ്ഗനഹള്ളിക്ക് സമീപമുള്ള വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, വ്യാഴാഴ്ച രാത്രി വൈകി ദമ്പതികൾ തമ്മിൽ കടുത്ത വാക്കുതർക്കവും വഴക്കും ഉണ്ടായിരുന്നതായി സൂചനയുണ്ട്.
തർക്കത്തിനിടയിൽ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടർന്ന് തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കുകയുമാണുണ്ടായത്. പിന്നീട് ഭാര്യയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അവർ ശ്വാസമെടുക്കുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഭാര്യ മരണപ്പെട്ടതോടെ പരിഭ്രാന്തനായ സുമന്ത് ഉടൻ തന്റെ അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും പിന്നാലെ മൊബൈലിൽ സന്ദേശം ആത്മഹത്യ സന്ദേശം അയക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ സുമന്ത് തന്റെ അമ്മയ്ക്ക് ഒരു വോയിസ് മെസ്സേജ് അയച്ചിരുന്നു. താൻ ജീവനൊടുക്കാൻ പോവുകയാണെന്നും തന്റെ സാധനങ്ങളെല്ലാം എടുത്തോളൂ എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
രാവിലെ സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ മകനെ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് ഇവർ ബെംഗളൂരുവിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും വീട്ടിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് രാജാഗോപാൽനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സുമന്ത് നന്ദിനി ലേഔട്ടിലെ കമ്പനിയിൽ സിവിൽ എഞ്ചിനീയറായും പത്മാവതി വൈറ്റ്ഫീൽഡിലെ പ്രമുഖ കമ്പനിയിൽ എഞ്ചിനീയറായും ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പത്മാവതി കൊല്ലപ്പെട്ടതാണോ അതോ ഇരുവരും ചേർന്ന് ജീവനൊടുക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണത്തിന് ഇടയാക്കിയ കൃത്യമായ കാരണം എന്താണെന്ന് കണ്ടെത്താൻ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103 പ്രകാരം കൊലപാതക കേസും, അസ്വാഭാവിക മരണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഐടി-ടെക് മേഖലയിൽ ഉയർന്ന ജോലി ചെയ്യുന്ന യുവദമ്പതികളുടെ ദാരുണാന്ത്യം ബെംഗളൂരു നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് രാജാഗോപാൽനഗർ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.



