വിദ്യാർഥികളുടെ യാത്രാ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ
വയനാട്: ജില്ലയിൽ വിദ്യാർഥികളുടെ യാത്രാ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ. വിദ്യാർഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി തങ്ങൾക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നാണ് ബസ് ഉടമകളുടെ വാദം.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാവുകയും ഇത് കനത്ത നഷ്ടത്തിന് കാരണമാവുകയും ചെയ്തു. ഈ സാമ്പത്തിക പ്രതിസന്ധിയും നഷ്ടവും മറികടക്കാനാണ് വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായത്.
അതേസമയം, സർക്കാർ തലത്തിൽ ഔദ്യോഗികമായ യാതൊരു തീരുമാനവും ഉണ്ടാകാതെ ബസ് ഉടമകൾ സ്വന്തം നിലയ്ക്ക് നിരക്ക് വർധിപ്പിച്ചതിനെതിരെ വിദ്യാർഥി സംഘടനകളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



