Tue, 28 July 2026
Kerala

അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; സർക്കാർ ഉപസമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും

Newtalks Desk

തിരുവനന്തപുരം: കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഇ. ശ്രീധരന്റെ തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പദ്ധതിക്ക് അനുകൂല നിലപാടുമായി സർക്കാർ ഉപസമിതി. പദ്ധതിയുമായി മുന്നോട്ടുപോകാമെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും.

​പദ്ധതിയുടെ ഭൂരിഭാഗവും പില്ലറുകളിലും (തൂണുകളിലും) തുരങ്കങ്ങളിലും നിർമ്മിക്കുന്നത് പ്രായോഗികവും ഏറെ ഗുണകരവുമാണെന്ന് സമിതി വിലയിരുത്തി. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയർന്നതുപോലുള്ള വലിയ ജനകീയ പ്രതിഷേങ്ങൾ ഈ പദ്ധതിക്ക് നേരെ ഉണ്ടാകില്ലെന്നാണ് സമിതിയുടെ കണക്കുകൂട്ടൽ. കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കാൻ കഴിയുന്ന പ്രൊജക്ടുകളിൽ ഒന്നാണിതെന്നും ഉപസമിതി ചൂണ്ടിക്കാട്ടുന്നു.

​ആശങ്കകൾ പരിഹരിച്ചു; സുരക്ഷയ്ക്ക് മുൻഗണന

​ഇ. ശ്രീധരൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള ചില കാര്യങ്ങളിൽ ഉപസമിതിക്ക് മുൻപ് വ്യക്തതക്കുറവ് ഉണ്ടായിരുന്നു. എന്നാൽ ഇ. ശ്രീധരൻ നിയോഗിച്ച സാങ്കേതിക വിദഗ്ധർ സമിതിക്ക് മുന്നിലെത്തി കൃത്യമായ വിശദീകരണം നൽകിയതോടെ ഈ ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെട്ടു.

എങ്കിലും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ചില മാറ്റങ്ങൾ സമിതി നിർദ്ദേശിച്ചേക്കും. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവള ഭാഗത്ത് നിലവിൽ എലിവേറ്റഡ് (ഉയരത്തിലുള്ള) പാതയാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സുരക്ഷ മുൻനിർത്തി ഇത് മാറ്റി ഇവിടെയും തുരങ്കപാതയാക്കേണ്ടി വരുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. തിരുവനന്തപുരം പൂജപ്പുര മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെ 20 കിലോമീറ്ററോളം തുരങ്കപാതയാണ് നിലവിലെ പ്രൊപ്പോസലിലുള്ളത്.

ആകെ ചെലവ് 60000 കോടി രൂപ. 40% തുക ക്രൌഡ് ഫണ്ടിംഗിലൂടെ കണ്ടെത്തണം. 24000 കോടി ക്രൌഡ് ഫണ്ടിംഗിലൂടെ ലഭിക്കും. 18360 കോടി കേന്ദ്രവും 17640 കോടി സംസ്ഥാന സർക്കാരും വഹിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്നരമണിക്കൂര്‍ യാത്ര ചെയ്യാനാവുന്ന അതിവേഗ റയിലിന്‍റെ പദ്ധതി രേഖ പഠിക്കാന്‍ സര്‍ക്കാര്‍ വിദ്ഗത സമിതിയെ നിയോഗിച്ചിരുന്നു. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍റെ പദ്ധതിയായാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *