Tue, 28 July 2026
Kerala

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

Newtalks Desk

കൊച്ചി: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. കേസ് ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന് വിലയിരുത്തിയ കോടതി, പ്രതി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

​2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരന്‍ (55), മാതാവ് ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മലമുകളിലേക്ക് ഒളിവില്‍ പോയ പ്രതിയെ തണ്ടര്‍ബോള്‍ട്ടും പോലീസും ചേര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. സജിത വധക്കേസിലും പ്രതിയായ ചെന്താമരയ്ക്ക് നേരത്തെ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു.

​2026 ഫെബ്രുവരിയില്‍ ആരംഭിച്ച വിചാരണയില്‍ 46 സാക്ഷികളുടെ മൊഴികള്‍ കോടതി രേഖപ്പെടുത്തി. പ്രതി കുറ്റം നിഷേധിച്ചെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രതിയായ ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ വെച്ച് “ഞാൻ ഗാന്ധിയല്ല, ഇങ്ങോട്ട് പ്രശ്നത്തിന് വന്നാൽ വെറുതെ വിടില്ല” എന്ന് പ്രതി പറഞ്ഞ കാര്യവും കോടതി ഓർമ്മിപ്പിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിലിന് മുൻപിൽ പ്രതി നേരിയ കുറ്റബോധം കാണിച്ചതൊഴിച്ചാൽ, താൻ ചെയ്ത കൊലപാതകങ്ങളിൽ ഇയാൾക്ക് യാതൊരുവിധ പശ്ചാത്താപവുമില്ല.

​ഇരകളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും ക്രൂരമായ ഈ കുറ്റകൃത്യം ചെയ്ത ചെന്താമരയ്ക്ക് ഇനി ഒരു മാനസാന്തരമുണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി വിലയിരുത്തി. സാധാരണയായി പ്രതികളുടെ മാനസാന്തരപ്പെടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ശിക്ഷ വിധിക്കാറുള്ളത്. എന്നാൽ, പ്രതി സമൂഹത്തിന് തന്നെ ഭീഷണിയാണെങ്കിൽ വധശിക്ഷ നൽകാൻ മുൻകാല ഹൈക്കോടതി വിധികൾ നിലവിലുണ്ട്. “എല്ലാ കുറ്റവാളികൾക്കും ഒരു ഭാവിയുണ്ട്, എല്ലാ വിശുദ്ധർക്കും ഒരു ഭൂതകാലവുമുണ്ട്” എന്ന് ഓർമ്മിപ്പിച്ച കോടതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി ഈ കൊലപാതകങ്ങൾ നടത്തിയതെന്നും വ്യക്തമാക്കി.

കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് പ്രതി ഇപ്പോഴും വലിയൊരു ഭീഷണിയാണ്. ഇയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളയാളാണെന്ന ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി വിധിയിൽ നിർണ്ണായകമായി.


Leave a Reply

Your email address will not be published. Required fields are marked *