Tue, 28 July 2026
Sports

പച്ചപ്പുൽമൈതാനങ്ങളിലെ അദൃശ്യ തന്ത്രങ്ങൾ: മെസ്സി മറ്റ് കളിക്കാരേക്കാൾ മികച്ചുനിൽക്കുന്നത് എങ്ങനെ?

Newtalks Desk

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം കൊടുമുടിയിലെത്തി നിൽക്കെ, ലോകോത്തര സ്ട്രൈക്കർമാരായ ലയണൽ മെസ്സി, എർലിങ് ഹാലണ്ട്, ഹാരി കെയിൻ എന്നിവരുടെ അസാധാരണമായ കളിശൈലിയെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ കായിക മനഃശാസ്ത്രജ്ഞർ. സാധാരണ കളിക്കാർക്ക് മൈതാനത്ത് കണ്ടെത്താൻ കഴിയാത്ത ഗോളവസരങ്ങൾ ഈ താരങ്ങൾ എങ്ങനെ കൃത്യമായി വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിരലിലെണ്ണാവുന്ന ചില രഹസ്യങ്ങളാണ്  വിശദീകരിക്കുന്നത്. 

ഒരു സ്ട്രൈക്കർ ഗോൾ നേടുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് മൂന്ന് സെക്കൻഡുകളിൽ അവരുടെ മസ്തിഷ്കം ഒരേസമയം ഒന്നിലധികം കാര്യങ്ങളാണ് വിശകലനം ചെയ്യുന്നത്. പന്തിന്റെ വേഗത, ഗോൾകീപ്പറുടെ സ്ഥാനം, ഡിഫൻഡർമാരുടെ ചലനങ്ങൾ, സഹതാരങ്ങളുടെ ഓട്ടം എന്നിവയെല്ലാം ഒരേ സെക്കൻഡിൽ കൃത്യമായി മനസ്സിലാക്കാൻ ഇവർക്ക് സാധിക്കുന്നു. കായിക മനഃശാസ്ത്ര വിദഗ്ദ്ധനായ ഡോ. സിൽമർ ഇതിനെ ‘അറ്റൻഷണൽ ഫിറ്റ്നസ്’ (Attentional Fitness) എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്മർദ്ദ ഘട്ടങ്ങളിൽ തളർന്നുപോകാതെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഈ സവിശേഷ കഴിവ് കഠിനമായ പരിശീലനത്തിലൂടെ നേടിയെടുക്കാവുന്ന ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

മൈതാനത്ത് ലയണൽ മെസ്സിയെപ്പോലുള്ള താരങ്ങൾ പലപ്പോഴും പന്തിലേക്ക് ശ്രദ്ധിക്കാതെ വെറുതെ നടക്കുന്നത് കാണാം. ഇത് കേവലം വിശ്രമമല്ല, മറിച്ച് ‘കൺട്രോൾഡ് മൈൻഡ്-വാൻഡറിങ്’ (Controlled Mind-Wandering) എന്ന മനഃശാസ്ത്രപരമായ തന്ത്രമാണ്. ഈ സമയത്ത് മൈതാനം മുഴുവൻ ഒരു മാപ്പ് പോലെ മനസ്സിൽ കണ്ട്, എതിരാളികളുടെ പ്രതിരോധക്കോട്ടയിലെ വിടവുകൾ അവർ സ്കാൻ ചെയ്യുകയാണ് ചെയ്യുന്നത്. കൃത്യമായ ഒരവസരം ഒത്തുവരുന്ന നിമിഷം അവർ കളിയിലേക്ക് സജീവമായി തിരികെ വരികയും ലക്ഷ്യം കാണുകയും ചെയ്യുന്നു. 

ലൂക്ക മോഡ്രിച്ച്, കെവിൻ ഡി ബ്രൂയ്ന തുടങ്ങിയ മിഡ്ഫീൽഡർമാരുടെ അവിശ്വസനീയമായ പാസുകൾക്ക് പിന്നിൽ ‘ഡൈവേർജന്റ് തിങ്കിങ്’ (Divergent Thinking) എന്ന സർഗ്ഗാത്മക ചിന്താരീതിയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രശ്നത്തിന് ഒരൊറ്റ വഴി മാത്രം നോക്കാതെ ഒരേസമയം നാലോ അഞ്ചോ ഓപ്ഷനുകൾ കണ്ടെത്തുകയും, അതിൽ എതിരാളികൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയാണിത്. ആധുനിക ഫുട്ബോളിൽ വെറും ശാരീരികക്ഷമതയേക്കാൾ പ്രാധാന്യം ഇത്തരം മാനസിക വഴക്കങ്ങൾക്കാണെന്ന് യു.എസ് മുഖ്യപരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോയും സമ്മതിക്കുന്നു. ചുരുക്കത്തിൽ, മൈതാനത്ത് പന്ത് ഗോൾവര കടക്കുന്നതിന് വളരെ മുമ്പുതന്നെ താരങ്ങളുടെ മസ്തിഷ്കത്തിൽ ആ ഗോൾ ജനിച്ചുകഴിഞ്ഞിട്ടുണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 


Leave a Reply

Your email address will not be published. Required fields are marked *