Tue, 28 July 2026
Kerala

ഡബിൾ ബെല്ല് മുഴങ്ങി, പ്രിയദർശിനി സൗജന്യ യാത്രക്ക് തുടക്കം, ആദ്യ ടിക്കറ്റ് മുഖ്യമന്ത്രി കൈമാറി

Newtalks Desk

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു തുടക്കമായി. പദ്ധതി സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും നിറകണ്ണുകളോടെയാണ് ചരിത്രപദ്ധതിക്കു തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. തമ്പാനൂര്‍ ടെര്‍മിനലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി.ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രണ്ടു പേര്‍ക്കു മുഖ്യമന്ത്രി തന്നെയാണ് സൗജന്യയാത്രയുടെ ആദ്യടിക്കറ്റുകള്‍ കൈമാറിയത്. തുടര്‍ന്ന് തമ്പാനൂരിൽ നിന്നുള്ള ആദ്യയാത്രയില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുത്തു. കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവര്‍ ആയ പെരുമ്പാവൂര്‍ ഡിപ്പോയിലെ വി.പി.ഷീലയാണ് ആദ്യയാത്രയില്‍ സാരഥിയായത്. ജയകുമാരി ആയിരുന്നു കണ്ടക്ടര്‍.

ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണു പദ്ധതി നടപ്പാക്കുക. ഓർഡിനറി നിരക്കുള്ള സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ(ടിടി) ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭിക്കും.

അതേ സമയം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്കരിച്ച് സിപിഎം. ഉദ്ഘാടന പരിപാടിയിൽനിന്നു വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും പാർട്ടി നിർദേശം നൽകിയിരുന്നു. സൗജന്യയാത്ര സംബന്ധിച്ചു യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കുന്ന നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറ‍ഞ്ഞു. സിപിഎമ്മിന്റെ ബഹിഷ്കരണം ചരിത്രപരമായ വിഡ്ഢിത്തമാവരുതെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *