ജയം മാത്രം ലക്ഷ്യം; ഒന്നുകിൽ കിരീടത്തിലേക്ക്, അല്ലെങ്കിൽ കണ്ണീരോടെ മടങ്ങാം,വടക്കേ അമേരിക്കയിൽ ചരിത്രമെഴുതാൻ പുതുമുഖങ്ങൾ!
കോഴിക്കോട്: 48 ടീമുകൾ അണിനിരന്ന ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ, കാത്തിരുന്ന റൗണ്ട് ഓഫ് 32 (റൗണ്ട് 32) മത്സരക്രമങ്ങളും പ്രീക്വാർട്ടർ സാധ്യതകളും പുറത്തുവന്നു. 12 ഗ്രൂപ്പുകളിൽ നിന്നായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 24 ടീമുകളും, മികച്ച മൂന്നാം സ്ഥാനക്കാരായ എട്ട് ടീമുകളുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. പോർച്ചുഗൽ തങ്ങളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായതോടെ ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലയണൽ മെസ്സി – ക്രിസ്ത്യാനോ റൊണാൾഡോ (Messi vs Ronaldo) പോരാട്ടം ഫൈനലിന് മുൻപ് ഉണ്ടാകില്ലെന്ന് ഉറപ്പായി. എന്നാൽ ഇരു ടീമുകളും തങ്ങളുടെ മത്സരങ്ങൾ വിജയിച്ചു മുന്നേറുകയാണെങ്കിൽ സെമി ഫൈനലിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വരാൻ വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.
ഇന്ത്യൻ സമയപ്രകാരം ജൂൺ 29 തിങ്കളാഴ്ച രാത്രി 10:30 ന് നടക്കുന്ന ആദ്യത്തെ ഹെവിവെയ്റ്റ് പോരാട്ടത്തിൽ ബ്രസീൽ ഏഷ്യൻ കരുത്തരായ ജപ്പാനെ നേരിടും. കാർലോ ആഞ്ചലോട്ടിയുടെ കീഴിലിറങ്ങുന്ന കാനറികൾക്ക് ജപ്പാൻ വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. റൗണ്ട് ഓഫ് 32 ലെ ഏറ്റവും കടുപ്പമേറിയ മറ്റൊരു മത്സരം ജൂൺ 30 ന് രാവിലെ 6:30 ന് നടക്കുന്ന മൊറോക്കോ – നെതർലൻഡ്സ് (ഡച്ചുപട) പോരാട്ടമാണ്. ഫിഫ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള രണ്ട് ടീമുകളുടെ ഈ പോരാട്ടം പ്രവചനാതീതമായിരിക്കും. കൂടാതെ ജൂൺ 30 ന് പുലർച്ചെ രണ്ടിന് ജർമ്മനി പരാഗ്വെയെയും, ജൂലൈ ഒന്നിന് പുലർച്ചെ രണ്ടരയ്ക്ക് ഫ്രാൻസ് സ്വീഡനെയും നേരിടും.
മറ്റു പ്രധാന മത്സരങ്ങളിൽ ഇംഗ്ലണ്ട് ഡി.ആർ കോംഗോയെയും, ബെൽജിയം സെനഗലിനെയും, ആതിഥേയരായ യു.എസ്.എ ബോസ്നിയയെയും നേരിടുമ്പോൾ സ്പെയിൻ ഓസ്ട്രിയയുമായി മാറ്റുരയ്ക്കും. ജൂലൈ മൂന്നിന് പുലർച്ചെ 4:30 ന് നടക്കുന്ന ക്രോയേഷ്യ – പോർച്ചുഗൽ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയോ ലൂക്ക മോഡ്രിച്ചോ, ഈ രണ്ട് ഇതിഹാസങ്ങളിൽ ഒരാൾ ലോകകപ്പിൽ നിന്ന് പുറത്താകുമെന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ജൂലൈ നാലിന് പുലർച്ചെ 3:30 നാണ് അർജന്റീനയുടെ മത്സരം; കേപ് വെർദെയാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ.
തുടർന്നുള്ള റൗണ്ട് ഓഫ് 16 (പ്രീക്വാർട്ടർ) സാധ്യതകൾ പരിശോധിച്ചാൽ ചില വമ്പൻ ടീമുകൾക്ക് കാര്യങ്ങൾ കടുപ്പമാണ്. ജർമ്മനിയും ഫ്രാൻസും തങ്ങളുടെ ആദ്യ കളി ജയിക്കുകയാണെങ്കിൽ റൗണ്ട് ഓഫ് 16-ൽ തന്നെ പരസ്പരം ഏറ്റുമുട്ടേണ്ടി വരും. ക്രോയേഷ്യയെ മറികടന്ന് പോർച്ചുഗൽ മുന്നേറിയാൽ അടുത്ത റൗണ്ടിൽ മുൻ ചാമ്പ്യന്മാരായ സ്പെയിൻ ആകും അവരുടെ എതിരാളികൾ. ബ്രസീൽ ജപ്പാനെ കടന്നാൽ ഐവറി കോസ്റ്റിനെയോ നോർവേയെയോ നേരിടേണ്ടി വരും. ബ്രസീലും ഇംഗ്ലണ്ടും മുന്നേറിയാൽ ക്വാർട്ടർ ഫൈനലിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടാം. എന്നാൽ കടലാസിൽ അർജന്റീനയ്ക്ക് കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്. കേപ് വെർദെയെ മറികടന്നാൽ ഓസ്ട്രേലിയയോ ഈജിപ്തോ ആകും പ്രീക്വാർട്ടറിൽ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ. തോറ്റാൽ മടങ്ങേണ്ടി വരുന്ന നോക്കൗട്ട് പോരാട്ടങ്ങൾ കായികലോകത്തിന് ആവേശകരമായ നിമിഷങ്ങളാണ് സമ്മാനിക്കുക.



