അതിഥി തൊഴിലാളികളെ തിരികെ സ്വന്തം നാട്ടിലെത്തിക്കാൻ നിർദേശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി, പ്രതിമാസം 18000 രൂപ വരെ വരുമാനം
മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ കർശന നിർദ്ദേശം നൽകിയതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. ബെഹ്രാംപൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാധാരണക്കാരായ തൊഴിലാളികളുടെ പുനരധിവാസവും സാമ്പത്തിക ഭദ്രതയും മുൻനിർത്തിയുള്ള സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം അദ്ദേഹം അറിയിച്ചത്. നാട്ടിൽ തിരിച്ചെത്തുന്ന തൊഴിലാളികൾക്കും മറ്റ് പിന്നാക്ക കുടുംബങ്ങൾക്കും വിവിധ സർക്കാർ പദ്ധതികളിലൂടെ മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജനക്ഷേമ പദ്ധതികൾ കൃത്യമായി വിനിയോഗിക്കുന്നതിലൂടെ ഒരു സാധാരണ കുടുംബത്തിന് പ്രതിമാസം 15,000 മുതൽ 18,000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന് പുറമെ ‘പിഎം അന്ന സുരക്ഷാ യോജന’ വഴിയുള്ള സൗജന്യ റേഷനും, ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയിലൂടെയുള്ള സൗജന്യ ആരോഗ്യ പരിരക്ഷയും ഈ കുടുംബങ്ങൾക്ക് ലഭ്യമാക്കും. സ്ത്രീ ശാക്തീകരണത്തിനായുള്ള ‘അന്നപൂർണ യോജന’ പദ്ധതിക്കായി അപേക്ഷിച്ച 15 ലക്ഷം സ്ത്രീകളിൽ 12 ലക്ഷം പേർക്കും ഇതിനോടകം തന്നെ തുക കൈമാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ, കുടിയേറ്റ തൊഴിലാളികളുടെ ജന്മനാടുകളായ മുർഷിദാബാദ്, മാൾഡ ജില്ലകളിൽ നേരിടുന്ന പ്രധാന പ്രതിസന്ധിയായ ഗംഗാ നദീതീരത്തെ മണ്ണൊലിപ്പ് തടയാൻ 3,600 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പദ്ധതി തുകയുടെ പകുതി കേന്ദ്ര സർക്കാരും പകുതി സംസ്ഥാന സർക്കാരും ചേർന്നാണ് കണ്ടെത്തുക. ഇതിൽ 2,500 കോടി രൂപ മുർഷിദാബാദിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായി മാത്രമായിരിക്കും വിനിയോഗിക്കുകയെന്നും അദ്ദേഹം അറിയിച്ചു.



