ഉച്ചഭക്ഷണ സമയത്ത് പറയാതെ പുറത്തുപോയി,അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനസ്സ് തകർന്ന് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
ഫരീദാബാദ്: സ്കൂളിൽ വെച്ച് അധ്യാപകൻ നൽകിയ കടുത്ത ശിക്ഷാനടപടിയിൽ മാനസികമായി തകർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. ഹരിയാനയിലെ ഫരീദാബാദിൽ ഡബുവ ഖാസിപ്പൂർ റോഡിലുള്ള നവോദയ വിദ്യാ നികേതൻ സീനിയർ സെക്കൻഡറി സ്കൂളിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച ദാരുണമായ ഈ സംഭവം നടന്നത്. സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ജാൻവി എന്ന 16-കാരിയാണ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാകാതെ മരണപ്പെട്ടത്.
ഉച്ചഭക്ഷണ സമയത്ത് പറയാതെ പുറത്തുപോയി ബിരിയാണി കഴിച്ചുവെന്നാരോപിച്ചും, സഹപാഠികൾ തമ്മിലുണ്ടായ വഴക്കിന്റെ പേരിലും അധ്യാപകൻ പെൺകുട്ടിയെ നാല് മണിക്കൂറോളം ക്ലാസിന് പുറത്ത് വെയിലത്ത് നിർത്തി ശിക്ഷിച്ചതായി കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഈ ക്രൂരമായ മാനസികവും ശാരീരികവുമായ പീഡനം താങ്ങാനാവാതെയാണ് കുട്ടി നടപടിയിലേക്ക് കടന്നതെന്നാണ് ബന്ധുക്കളുടെ പരാതി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദുരന്തം നടന്നത്. കുട്ടികളിൽ ചിലർ ഉച്ചഭക്ഷണ സമയത്ത് പുറത്തുപോയി ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട് ക്ലാസിൽ തർക്കമുണ്ടായിരുന്നു. എന്നാൽ ഈ തർക്കത്തിൽ തങ്ങളുടെ മകൾക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നും, മറ്റ് കുട്ടികളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് അധ്യാപകൻ അവളെ ക്രൂരമായി വഴക്കുപറയുകയും തുടർച്ചയായി നാല് മണിക്കൂർ വെയിലത്ത് നിർത്തി ശിക്ഷിക്കുകയുമായിരുന്നുവെന്നും പിതാവ് പ്രമോദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പഠനത്തിലും മറ്റ് കാര്യങ്ങളിലും ഏറെ സമർത്ഥയായിരുന്ന മകൾ, മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അതിരൂക്ഷമായി അപമാനിക്കപ്പെട്ടതോടെ കടുത്ത മാനസിക വിചാരത്തിലാവുകയും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടം നടന്നയുടൻ തന്നെ അധ്യാപകരും ജീവനക്കാരും ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ബി.കെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണവിവരമറിഞ്ഞ് ഡബുവ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണങ്ങൾ നടത്തി.
അതേസമയം, ബന്ധുക്കളുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് സ്കൂൾ മാനേജ്മെന്റ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ യാതൊരു തരത്തിലുള്ള ശിക്ഷയ്ക്കും വിധേയയാക്കിയിട്ടില്ലെന്ന് പ്രിൻസിപ്പൽ ആർ.കെ. ശർമ്മ അവകാശപ്പെട്ടു. ക്ലാസ് മുറിയിൽ നിന്ന് ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ച് ഇറങ്ങിയ കുട്ടി നേരെ മൂന്നാം നിലയിലേക്ക് പോയി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി ഡബുവ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ സുമേർ സിംഗ് അറിയിച്ചു. കേസിൽ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പരാതി ലഭിക്കുന്ന മുറയ്ക്ക് മേൽനടപടികൾ സ്വീകരിക്കും. നിലവിൽ സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും, സംഭവസമയത്ത് ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി.



