പ്രധാനമന്ത്രിക്കെതിരെ വധഭീഷണി;മലപ്പുറം സൈബർ പൊലീസ് കേസെടുത്തു, പ്രതി ചെട്ടിപ്പടി സ്വദേശിയായ മിഥുൻ, കമന്‍റിട്ടവരും നിരീക്ഷണത്തിൽ
സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ മിഥുൻ എന്ന യുവാവിനെതിരെയാണ് പൊലീസ് നടപടിയെടുത്തത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവാവ് കടുത്ത മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാലാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും പ്രധാനമന്ത്രിക്കെതിരെയുള്ള വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, ഈ പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കമന്റുകളിട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതി മുസ്ലിം സമുദായത്തിൽപ്പെട്ടയാളാണെന്ന ധാരണയിൽ പ്രധാനമായും സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്നാണ് വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങൾ ഉയർന്നത്. എന്നാൽ മിഥുൻ ബിജെപി അനുഭാവിയാണെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്നുമാണ് നാട്ടുകാർ പറയുന്നത്.
മിഥുന്റേത് പ്രദേശത്തെ നല്ല രീതിയിൽ ജീവിക്കുന്ന ഒരു കുടുംബമാണെന്നും അവരുമായി നാട്ടുകാർക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ വധഭീഷണി അടങ്ങുന്ന വീഡിയോ ആരും ദുരുപയോഗം ചെയ്യരുതെന്നും തങ്ങളുടെ നാടിനെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും ജനപ്രതിനിധികളും നാട്ടുകാരും കൂട്ടിച്ചേർത്തു.



