Sat, 12 September 2026
Kerala

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം; ഫൈബര്‍ വള്ളത്തിന്റെ സമീപം കുടുങ്ങിയ നിലയില്‍

Newtalks Desk

തിരൂർ പടിഞ്ഞാറേക്കര തിരൂർപ്പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മുരുപ്പുമാട് കടവിന് സമീപത്ത് വെച്ച്‌ ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടയിലാണ് നങ്കൂരത്തില്‍ ചാക്ക് കുടുങ്ങിക്കിടന്നിരുന്നത്. പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

പിന്നീട്ട് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹമാണെന്ന് വ്യക്തമായതും പൊലീസിനെ വിവരമറിയിച്ചതും.

കഴിഞ്ഞ ദിവസം പുറത്തൂർ പടിഞ്ഞാറേക്കരയില്‍ നിന്ന് കാണാതായ ദമ്പതികളില്‍ ഭാര്യ ഫൗസിയയുടെ മൃതദേഹമാണോ കണ്ടെത്തിയതെന്ന് സംശയിക്കുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായി തിരിച്ചറിയൽ സ്ഥിരീകരിക്കൂ.

അതേസമയം, കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ബുധനാഴ്ച രാത്രിയോടെ വള്ളത്തില്‍ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഫൗസിയയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം രണ്ടുപേരെയും കാണാനില്ലെന്ന് കാട്ടി തിരൂർ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി ബീച്ച് പ്രദേശത്തേക്ക് പോയ ഫൗസിയയും ഭർത്താവ് ഹുസൈനും വ്യാഴാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഫൗസിയയുടെ മകൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. ഫോൺ ലൊക്കേഷൻ പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദേശത്താണ് അവസാനമായി കണ്ടെത്തിയതെന്നാണ് വിവരം.

ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും ഹുസൈൻ മദ്യപിച്ച ശേഷം ഫൗസിയയെ മർദിക്കാറുണ്ടായിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഫൗസിയ ആധാർ കാർഡും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ച് വീട്ടിൽനിന്ന് പോയിരുന്നു. പിന്നീട് മദ്യപിച്ച നിലയിൽ രാത്രിയിൽ വീട്ടിലെത്തി ഉറങ്ങുകയായിരുന്നു.

വ്യാഴാഴ്ച തീരപ്രദേശത്ത് കൂടുതൽ മത്സ്യം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ് ഫൗസിയയെ മീൻ ശേഖരിക്കാനായി ഹുസൈൻ കൊണ്ടുപോയതായാണ് പരാതിയിലുള്ളത്. മകനെയും മകളെയും വീട്ടിൽ നിർത്തിയാണ് ഫൗസിയ ഭർത്താവിനൊപ്പം പോയത്. തുടർന്ന് ഇരുവരെയും കാണാതാവുകയായിരുന്നു.

മകൻ പടിഞ്ഞാറേക്കരയിലെ ഐസ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഫൗസിയ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു. മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതായതിനെ തുടർന്ന് അയൽവാസികളോട് അന്വേഷിച്ചെങ്കിലും പകൽ സമയത്ത് ഫൗസിയയെ കണ്ടിട്ടില്ലെന്നാണ് ലഭിച്ച വിവരം. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഹുസൈനെ കണ്ടെത്തിയ ശേഷമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ


Leave a Reply

Your email address will not be published. Required fields are marked *