Wed, 29 July 2026
Sports

മെറ്റ്‌ലൈഫിലെ ആ കറുത്ത രാത്രിക്ക് ഒരു പതിറ്റാണ്ട്; സ്പെയിനെതിരെ ലോകകപ്പ് ഫൈനലിൽ കണക്കുതീർക്കാൻ ലയണൽ മെസ്സി

Newtalks Desk

ന്യൂയോർക്ക്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരു കാവ്യനീതിക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം (ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയം). ഫിഫ 2026 ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്പെയിനെ നേരിടുമ്പോൾ, ലോകമെമ്പടുമുള്ള കായികപ്രേമികളുടെ കണ്ണ് അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയിലാണ്. കൃത്യം പത്ത് വർഷങ്ങൾക്ക് മുൻപ് ഇതേ സ്റ്റേഡിയത്തിൽ വെച്ച് തന്റെ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ മടങ്ങിയ മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ പുനർജന്മത്തിനാണ് ഈ ഫൈനൽ വേദിയാകുന്നത്.

​2016 ജൂൺ 26-നാണ് മെസ്സിയുടെ കരിയറിലെ കറുത്ത അധ്യായം ഇതേ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ചിലിക്കെതിരായ കോപ്പ അമേരിക്ക സെന്റനാരിയോ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് പുറത്തേക്ക് അടിച്ച മെസ്സി, കടുത്ത മാനസിക വിഷമത്തെ തുടർന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോകമെമ്പടുമുള്ള ആരാധകരുടെയും സ്വന്തം നാട്ടുകാരുടെയും അഭ്യർത്ഥന മാനിച്ചാണ് താരം പിന്നീട് തീരുമാനത്തിൽ നിന്നും പിന്മാറിയത്.

പത്ത് വർഷങ്ങൾക്കിപ്പുറം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ലോകകപ്പും സ്വന്തമാക്കിയ കരിയറിന്റെ പൂർണ്ണതയിലാണ് 39-കാരനായ മെസ്സി വീണ്ടും ഇതേ പുൽമൈതാനത്തിൽ ലോകകപ്പ് ഫൈനലിനായി ബൂട്ട് കെട്ടുന്നത്. ടൂർണമെന്റിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി മികച്ച ഫോമിലുള്ള മെസ്സിക്ക്, അന്ന് നഷ്ടപ്പെട്ട പ്രതാപം അതേ മണ്ണിൽ വെച്ച് വീണ്ടെടുക്കാനുള്ള ചരിത്രപരമായ അവസരമാണ് സ്പെയിനെതിരായ ഈ കലാശപ്പോരാട്ടം.


Leave a Reply

Your email address will not be published. Required fields are marked *