Wed, 29 July 2026
Gulf UpdatesIndia

വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാൻ പുതിയ ചട്ടങ്ങൾ രൂപീകരിച്ചു; പാർലമെന്റിൽ സമർപ്പിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ

Newtalks Desk

ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ പുതിയ നിയമങ്ങൾ അടുത്ത 30 ദിവസത്തിനകം പാർലമെന്റിന്റെ ഇരുസഭകളുടെയും മുൻപാകെ സമർപ്പിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കുകൾക്കും നിരക്കുകളിലെ അപ്രതീക്ഷിത വ്യതിയാനങ്ങൾക്കുമെതിരെ (Surge pricing) നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

​ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. പാർലമെന്റിൽ സമർപ്പിക്കുന്നതിന് മുൻപ് തന്നെ, രൂപീകരിച്ചിട്ടുള്ള പുതിയ ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം സീൽ ചെയ്ത കവറിൽ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. കേസ് ഓഗസ്റ്റ് മൂന്നിന് വീണ്ടും പരിഗണിക്കും.

ഉത്സവ സീസണുകളിലും കുംഭമേള പോലുള്ള വൻ ജനത്തിരക്കുള്ള അവസരങ്ങളിലും വിമാനക്കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുന്ന രീതിയിൽ അമിത നിരക്ക് ഈടാക്കുന്നതിനെ മുൻപ് കേസ് പരിഗണിച്ചപ്പോൾ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രയാഗ്‌രാജ്, ജോധ്പൂർ തുടങ്ങിയ നഗരങ്ങളിലേക്ക് ഉത്സവ സമയങ്ങളിൽ സാധാരണ നിരക്കിന്റെ മൂന്നിരട്ടി വരെയാണ് ഈടാക്കുന്നതെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിക്കുകയുണ്ടായി. വിമാനക്കൂലിക്ക് കൃത്യമായ പരിധി നിശ്ചയിക്കുക, ബാഗേജ്-ക്യാൻസലേഷൻ ചാർജുകൾ ക്രമീകരിക്കുക, ഉപഭോക്തൃ സംരക്ഷണത്തിനായി സ്വതന്ത്ര ഏവിയേഷൻ റെഗുലേറ്ററെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. പുതിയ ചട്ടങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ വിമാനയാത്രക്കാരുടെ വലിയൊരു ആശങ്കയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *