Tue, 28 July 2026
IndiaKerala

ജനനനിരക്കിൽ കുത്തനെയുള്ള ഇടിവ്;കേരളത്തിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, കേരളവും ജപ്പാനെപ്പോലെയാകുമോ?

Newtalks Desk

തിരുവനന്തപുരം:കേരളത്തിന്റെ ജനസംഖ്യാ ഘടനയിൽ നിർണായകമായ മാറ്റങ്ങൾ പ്രകടമാക്കിക്കൊണ്ട് സംസ്ഥാനത്തെ ജനനനിരക്ക് ചരിത്രത്തിലാദ്യമായി ഒറ്റയക്കത്തിലേക്ക് താഴ്ന്നതായി ഔദ്യോഗിക റിപ്പോർട്ട്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തുവിട്ട 2024-ലെ സുപ്രധാന സ്ഥിതിവിവരക്കണക്കുകൾ (Vital Statistics Report) പ്രകാരം കേരളത്തിന്റെ ഏകദേശ ജനനനിരക്ക് (Crude Birth Rate – CBR) 9.64 ശതമാനമായി കുറഞ്ഞു. 2023-ൽ ഇത് 11.06 ശതമാനമായിരുന്നു. ആയിരം പേർക്ക് ഒരു വർഷം ജനിക്കുന്ന കുട്ടികളുടെ എണ്ണത്തെയാണ് ക്രൂഡ് ബെർത്ത് റേറ്റ് എന്ന് കണക്കാക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഈ നിരക്ക് പത്തിൽ താഴെയാകുന്നത്.

​റിപ്പോർട്ട് പ്രകാരം 2023-ൽ രജിസ്റ്റർ ചെയ്ത ജനനങ്ങളുടെ എണ്ണം 3,93,231 ആയിരുന്നെങ്കിൽ 2024-ൽ അത് 3,44,766 ആയി കുത്തനെ കുറഞ്ഞു. അതായത് ഒറ്റ വർഷം കൊണ്ട് 48,465 ജനനങ്ങളുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ ചരിത്ര പരിശോധിച്ചാൽ, 2023, 2024 വർഷങ്ങളിലാണ് ഏറ്റവും ദ്രുതഗതിയിലുള്ള ജനനനിരക്ക് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന് ശേഷമുള്ള 2022-ൽ ചെറിയൊരു വർദ്ധനവ് (12.53) ഉണ്ടായതൊഴിച്ചാൽ ജനനനിരക്കിലെ ഇടിവ് വേഗത്തിൽ തുടരുകയാണ്.

ജില്ലാതലത്തിലെ പ്രകടമായ വ്യത്യാസങ്ങൾ

സംസ്ഥാനത്തെ ജനനനിരക്കിൽ വടക്കൻ ജില്ലകളും തെക്കൻ ജില്ലകളും തമ്മിൽ വലിയ തോതിലുള്ള അന്തരമുണ്ട്.

  • ഏറ്റവും കുറഞ്ഞ നിരക്ക്: ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് — വെറും 5.28. തൊട്ടുപിന്നിൽ കൊല്ലം (6.63) ജില്ലയാണുള്ളത്. മധ്യകേരളത്തിലെ ജില്ലകളായ പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവയും 7.69 മുതൽ 9.30 വരെയുള്ള കുറഞ്ഞ നിരക്കിലാണ്.
  • ഏറ്റവും കൂടിയ നിരക്ക്: വടക്കൻ ജില്ലകളിൽ ഇപ്പോഴും ജനനനിരക്ക് പത്തിന് മുകളിലാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും ഉയർന്ന ജനനനിരക്ക് രേഖപ്പെടുത്തിയത് — 15.16. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നിരക്ക് പത്തിന് മുകളിൽ തുടരുന്നു.

മരണനിരക്കിലെ വ്യതിയാനം

അതേസമയം, കോവിഡ് മഹാമാരിക്ക് ശേഷം കുത്തനെ ഉയർന്ന സംസ്ഥാനത്തെ മരണനിരക്ക് ഇപ്പോൾ വലിയ തോതിൽ മാറ്റമില്ലാതെ തുടരുകയാണ്. 2023-ൽ 8.59 ആയിരുന്ന ഏകദേശ മരണനിരക്ക് (Crude Death Rate – CDR) 2024-ൽ നേരിയ തോതിൽ ഉയർന്ന് 8.77-ൽ എത്തി. കോട്ടയം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണനിരക്ക് (12.39) രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ മരണനിരക്ക് മലപ്പുറത്താണ് (5.24).

സാമൂഹിക പുരോഗതിയുടെയും മികച്ച ആരോഗ്യ രംഗത്തിന്റെയും സൂചകമായി ഈ മാറ്റങ്ങളെ കാണാമെങ്കിലും, അതിവേഗം പ്രായമേറുന്ന ഒരു സമൂഹമായി കേരളം മാറുന്നു എന്ന വലിയ ആശങ്കയും ഈ പുതിയ ജനസംഖ്യാ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *