CR7 ഇല്ല, ലോകക്കപ്പ് ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പുരോഗമിക്കവെ, ടിക്കറ്റ് നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആതിഥേയരായ അമേരിക്കയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും പ്രീ-ക്വാർട്ടറിൽ പുറത്തായതാണ് വിപണിയിൽ ടിക്കറ്റുകളുടെ ഡിമാൻഡ് പെട്ടെന്ന് കുറയാൻ പ്രധാന കാരണമായത്. സെക്കൻഡറി ടിക്കറ്റ് മാർക്കറ്റ് പ്ലാറ്റ്‌ഫോമായ ‘ടിക്-പിക്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സ്പെയിൻ–ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് വില 2,950 ഡോളറിൽ (ഏകദേശം 2.47 ലക്ഷം രൂപ) നിന്ന് 1,200 ഡോളറിലേക്ക് (ഏകദേശം ഒരു ലക്ഷം രൂപ) ആയി കുറഞ്ഞിട്ടുണ്ട്. ഫ്രാൻസ്–മൊറോക്കോ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകളും 989 ഡോളർ (ഏകദേശം 83,000 രൂപ) മുതൽ ലഭ്യമാണ്.
പ്രീ-ക്വാർട്ടറിൽ അമേരിക്ക ബെൽജിയത്തോട് 4-1ന് പരാജയപ്പെട്ടതോടെ ആതിഥേയ ടീമിന്റെ ആരാധകരുടെ സാന്നിധ്യം ക്വാർട്ടറിൽ ഇല്ലാതായത് ടിക്കറ്റ് വിൽപ്പനയെ സാരമായി ബാധിച്ചു. അതുപോലെ തന്നെ, സ്പെയിനിനോട് തോറ്റ് റൊണാൾഡോയുടെ പോർച്ചുഗലും പുറത്തായതോടെ അമേരിക്ക–പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് അത് വലിയ തിരിച്ചടിയായി. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30-ന് നടക്കുന്ന സ്പെയിൻ–ബെൽജിയം മത്സരത്തിന് ശേഷം, വരും ദിവസങ്ങളിൽ എർലിങ് ഹാളണ്ടിന്റെ നോർവേ ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടിനെയും, അവസാന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്സർലൻഡിനെയും നേരിടും.



