Tue, 28 July 2026
Kerala

ജുമാമസ്ജിദിൽ വടിവാളുമായി യുവാവ്; പള്ളി അകത്തുനിന്ന് പൂട്ടിയിട്ടു

Newtalks Desk

പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ ജുമാമസ്ജിദിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ യുവാവ് പള്ളിക്കകത്തു കയറി വാതിലുകൾ അടച്ചുപൂട്ടി പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഉച്ചയ്ക്കുള്ള മധ്യോനമസ്കാരത്തിന് മുന്നോടിയായി ബാങ്ക് വിളിക്കാനായി പള്ളിയിലെത്തിയ മുക്രിയാണ് യുവാവ് അകത്തുകയറി വാതിലടച്ച വിവരം ആദ്യം കാണുന്നത്. ഉടൻ തന്നെ ഇദ്ദേഹം പോലീസിനെയും മഹല്ല് ഭാരവാഹികളെയും വിവരമറിയിക്കുകയായിരുന്നു.

​വിവരമറിഞ്ഞ് പോലീസും നാട്ടുകാരും പള്ളിക്ക് മുന്നിൽ തടിച്ചുകൂടിയതോടെയാണ് സംഭവം കൂടുതൽ സങ്കീർണ്ണമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പള്ളിയുടെ മുകൾഭാഗത്തേക്ക് കയറിയതായും ഇയാളുടെ കൈവശം വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉണ്ടെന്നുമുള്ള വിവരം പോലീസും നാട്ടുകാരും അറിയുന്നത്. പോലീസ് സംഘം പള്ളിക്കകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ യുവാവ് പള്ളിയിലെ ഖത്തീബ് താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറി അകത്തുനിന്ന് പൂട്ടുകയായിരുന്നു.

​ദീർഘനേരത്തെ ആശങ്കയ്ക്കൊടുവിൽ പോലീസ് സംഘം ഏറെ പ്രയത്നിച്ചാണ് ഇയാളെ സംസാരിച്ച് അനുനയിപ്പിച്ചത്. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായാണ് സൂചന. ഇയാൾ എന്തിനാണ് മാരകായുധങ്ങളുമായി പള്ളിക്കകത്ത് കയറിയതെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം നൽകാൻ പോലീസ് തയ്യാറായിട്ടില്ല. ഇയാളെ നിലവിൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും മണ്ണാർക്കാട് പോലീസ് അറിയിച്ചു. യുവാവ് പള്ളി ദീർഘനേരം അടച്ചിട്ടതിനെ തുടർന്ന് ഉച്ചയ്ക്കുള്ള നമസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസ്സം നേരിടുകയും പ്രദേശത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടുകയും ചെയ്തിരുന്നു. നിലവിൽ പോലീസ് ഇടപെട്ടതിനെ തുടർന്ന് സാഹചര്യം പൂർണ്ണമായും ശാന്തമാണ്.


Leave a Reply

Your email address will not be published. Required fields are marked *