Tue, 28 July 2026
Kerala

ദുരന്ത സമയത്തുണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേത്.; കടുത്ത വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

Newtalks Desk

കൽപ്പറ്റ: ദുരന്ത സമയത്ത് എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകുന്നതിന് പകരം മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കുകയാണെന്ന് ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കേണ്ടതെന്നും കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിന് കൂട്ടായ നേതൃത്വമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്ത സമയത്തുണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേത്. നിലവിൽ ഓരോ മന്ത്രിമാരും തോന്നിയതുപോലെയാണ് സംസാരിക്കുന്നത്. മന്ത്രിമാർക്കിടയിൽ കടുത്ത ഭിന്നസ്വരമാണുള്ളതെന്നും റിയാസ് വ്യക്തമാക്കി.

​ദുരന്തസമയത്ത് മറ്റുള്ളവരെക്കുറിച്ച് പരാതി പറയുന്ന ഏറ്റവും വലിയ പരാതിക്കാരനായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. മണ്ണ് മാറ്റാൻ പറഞ്ഞിട്ട് കരാറുകാരൻ മാറ്റിയില്ലെന്ന പരാതിയാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറയുന്നത് അബദ്ധങ്ങൾ മാത്രമാണ്. ഇതൊരു മനുഷ്യനിർമ്മിത ദുരന്തമാണെന്ന് ഒരു മന്ത്രി പറയുമ്പോൾ, പഴയ സർക്കാരിന്റെ കുറ്റമാണെന്നാണ് വേറൊരു മന്ത്രി പറയുന്നത്. എന്നാൽ തന്റെ ഡിപ്പാർട്ട്മെന്റ് അല്ല ഇതെന്നാണ് മറ്റൊരു മന്ത്രിയുടെ നിലപാട്. ഏത് മനുഷ്യന്റെ വീഴ്ചയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് ഈ മന്ത്രിമാർ വ്യക്തമാക്കേണ്ടതുണ്ട്.

എല്ലാവരെയും ഒരുമിച്ച് നിർത്തേണ്ട സമയമാണിത്. നിലവിൽ എല്ലാവരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കള്ളാടി ദുരന്തത്തിൽ ചില കാര്യങ്ങൾ കൂടി പറയാനുണ്ട്, അത് പിന്നീട് വ്യക്തമാക്കാം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്നോ നാളെയോ ദുരന്ത സ്ഥലം സന്ദർശിക്കുമെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.


Leave a Reply

Your email address will not be published. Required fields are marked *