വാട്സ്ആപ്പിൽ പുതിയ യൂസർനെയിം സംവിധാനം; സ്വകാര്യത ഉറപ്പാക്കാൻ മെറ്റയുടെ വിശദീകരണം
ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ യൂസർനെയിം (Username) ഫീച്ചറിനെ ചുറ്റിപ്പറ്റി ഉയർന്ന സ്വകാര്യതാ-സുരക്ഷാ ആശങ്കകൾക്ക് മറുപടിയുമായി മെറ്റ രംഗത്തെത്തി. ഫോൺ നമ്പർ പങ്കുവയ്ക്കാതെ തന്നെ മറ്റുള്ളവരുമായി വാട്സ്ആപ്പിൽ ബന്ധപ്പെടാൻ കഴിയുന്ന സംവിധാനമാണ് പുതിയ അപ്ഡേറ്റിലൂടെ ലഭ്യമാകുക. എന്നാൽ ഈ ഫീച്ചർ പൂർണമായും ഓപ്ഷണൽ ആണെന്നും നിലവിലുള്ള ഫോൺ നമ്പർ അധിഷ്ഠിത ഉപയോഗരീതിയിൽ മാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി.
ഉപയോക്താക്കൾക്ക് 3 മുതൽ 35 അക്ഷരങ്ങൾ വരെയുള്ള ഒരു യുണീക് യൂസർനെയിം തിരഞ്ഞെടുക്കാൻ സാധിക്കും. ഈ യൂസർനെയിം ഉപയോഗിച്ച് മറ്റുള്ളവർക്ക് ബന്ധപ്പെടാനാകുമെങ്കിലും, വാട്സ്ആപ്പിൽ പൊതുവായ യൂസർനെയിം ഡയറക്ടറിയോ സെർച്ച് സംവിധാനമോ ഉണ്ടാകില്ല. അതിനാൽ കൃത്യമായ യൂസർനെയിം അറിയുന്നവർക്ക് മാത്രമേ ഒരു അക്കൗണ്ട് കണ്ടെത്താൻ കഴിയൂ. കൂടാതെ, അധിക സുരക്ഷയ്ക്കായി ‘Username Key’ എന്ന സംവിധാനവും ഒരുക്കുന്നുണ്ട്. യൂസർനെയിമിനൊപ്പം ഈ സുരക്ഷാ കീയും അറിയുന്നവർക്ക് മാത്രമേ ആദ്യമായി സന്ദേശം അയയ്ക്കാൻ കഴിയൂ.
വ്യാജ അക്കൗണ്ടുകളും ആൾമാറാട്ട തട്ടിപ്പുകളും തടയാൻ പ്രമുഖ വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പ്രശസ്ത ബ്രാൻഡുകളുടെയും പേരുകൾ സംരക്ഷിക്കുമെന്നും, ഇത്തരം പേരുകൾ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾ കമ്പനി തടയുമെന്നും മെറ്റ അറിയിച്ചു. അപരിചിതരിൽ നിന്ന് ആദ്യമായി സന്ദേശം ലഭിക്കുമ്പോൾ അയച്ചയാളുടെ രാജ്യവും അക്കൗണ്ടിന്റെ പ്രായവും പൊതുവായ ഗ്രൂപ്പുകളിലെ അംഗത്വവുമടക്കമുള്ള വിവരങ്ങൾ ഉപയോക്താവിന് കാണിക്കുന്ന സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അതേസമയം, പുതിയ യൂസർനെയിം സംവിധാനം തട്ടിപ്പുകൾക്കും ആൾമാറാട്ടത്തിനും വഴിയൊരുക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ഇന്ത്യ സർക്കാർ മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ട്. ആവശ്യമായ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ ഈ ഫീച്ചറിന്റെ വ്യാപകമായ നടപ്പാക്കൽ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യതയും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനമെന്ന് മെറ്റ അവകാശപ്പെടുമ്പോൾ, ഉപയോക്തൃ സുരക്ഷ സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.



