കേപ് വെർദെയെ കുറച്ചുകാണേണ്ട; ലോകകപ്പിൽ കറുത്ത കുതിരകളാകാൻ ആഫ്രിക്കൻ കരുത്ത്! കിരീടം നില നിർത്താൻ അർജൻ്റീനയും
മിയാമി: 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) പോരാട്ടങ്ങൾ പ്രഖ്യാപിച്ചപ്പോൾ കാൽപന്ത് ലോകം ഏറ്റവും ആവേശത്തോടെ ഉറ്റുനോക്കുന്നത് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും ടൂർണമെന്റിലെ കറുത്ത കുതിരകളായ കേപ് വെർദെയും തമ്മിലുള്ള മത്സരത്തെയാണ്. ജൂലൈ 3-ന് ലയണൽ മെസ്സിയുടെ തട്ടകമായ മിയാമി സ്റ്റേഡിയത്തിലാണ് ഈ ചരിത്ര പോരാട്ടം അരങ്ങേറുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ശക്തികളും ലോകകപ്പ് വേദിയിലെ ഏറ്റവും ചെറിയ ഒരു ദ്വീപ് രാഷ്ട്രവും തമ്മിലുള്ള ഈ സമാഗമം കളിവിദഗ്ധർ വിലയിരുത്തുന്നത് ആധുനിക ഫുട്ബോളിലെ ‘ദാവീദും ഗോലിയാത്തും’ തമ്മിലുള്ള പോരാട്ടമായാണ്.
കേപ് വെർദെയുടെ അപരാജിത കുതിപ്പ്
അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർദെ, ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായാണ് ചരിത്രം കുറിച്ചത്. ഗ്രൂപ്പ് എച്ചിൽ കരുത്തരായ സ്പെയിൻ (0-0), ഉറുഗ്വെ (2-2), സൗദി അറേബ്യ (0-0) എന്നീ മുൻനിര ടീമുകളോട് തോൽവിയറിയാതെ പൊരുതി മൂന്ന് സമനിലകളോടെയാണ് അവർ രണ്ടാം സ്ഥാനക്കാരായി പ്രീ-ക്വാർട്ടർ ഉറപ്പിച്ചത്. പ്രതിരോധ നിരയുടെ കെട്ടുറപ്പും 40-കാരനായ ഗോൾകീപ്പർ വോസിഞ്ഞയുടെ അസാമാന്യ ഫോമുമാണ് ഈ ആഫ്രിക്കൻ ടീമിന്റെ കരുത്ത്.
കിരീടം നിലനിർത്താൻ അർജന്റീന
മറുഭാഗത്ത്, അർജന്റീന തങ്ങളുടെ കിരീട പ്രതിരോധം അതിശക്തമായാണ് ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് ജെയിൽ അൽജീരിയ, ഓസ്ട്രിയ എന്നീ ടീമുകളെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലയണൽ സ്കലോണിയുടെ സംഘം വരുന്നത്. 39-ാം വയസ്സിലും അസാധാരണ ഫോം തുടരുന്ന നായകൻ ലയണൽ മെസ്സി ഇതിനകം തന്നെ ഒരു ഹാട്രിക്കും ബ്രേസും ഉൾപ്പെടെ 5 ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോറർ പദവിയിൽ മുന്നിലുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദാനെതിരെ മെസ്സിക്ക് വിശ്രമം അനുവദിക്കുമെന്നും നോക്കൗട്ടിൽ താരം പൂർണ്ണ സജ്ജനായി തിരിച്ചെത്തുമെന്നും പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.
കേപ് വെർദെയെ കുറച്ചുകാണണോ?
പേപ്പറിൽ അർജന്റീനയ്ക്ക് തന്നെയാണ് പൂർണ്ണ മേധാവിത്വമെങ്കിലും കേപ് വെർദെയെ കുറച്ചുകാണാൻ മെസ്സിക്കും സംഘത്തിനും സാധിക്കില്ല. സ്പെയിൻ പോലുള്ള ആക്രമണ ശൈലിയുള്ള ടീമുകളെപ്പോലും ഗോൾരഹിത സമനിലയിൽ തളച്ച കേപ് വെർദെയുടെ പ്രതിരോധ കോട്ട പൊളിക്കുക എന്നതാവും അർജന്റീന നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ, മിഡ്ഫീൽഡിൽ അലക്സിസ് മാക് അല്ലിസ്റ്ററും മുന്നേറ്റത്തിൽ മെസ്സിയും നയിക്കുന്ന അർജന്റീനൻ ആക്രമണ നിരയെ 90 മിനിറ്റ് നേരം തടഞ്ഞുനിർത്തുക എന്നത് കേപ് വെർദെയ്ക്കും അത്ര എളുപ്പമാകില്ല. ഭയമില്ലാതെ ചരിത്രമെഴുതാൻ കേപ് വെർദെ ഇറങ്ങുമ്പോൾ, തങ്ങളുടെ അപ്രമാദിത്വം നിലനിർത്താനാകും അർജന്റീനയുടെ ശ്രമം.



