മാജിക് റോണോ, ലോകക്കപ്പിൽ പുതിയ റെക്കോർഡുമായി റൊണാൾഡോ
പോർച്ചുഗലിന് തകർപ്പൻ ജയം
ഹൂസ്റ്റൺ: വിമർശകരുടെ വായടപ്പിച്ചുകൊണ്ട് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്താടിയ മത്സരത്തിൽ ലോകകപ്പ് നവാഗതരായ ഉസ്ബെക്കിസ്ഥാനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ഹൂസ്റ്റണിൽ നടന്ന ഗ്രൂപ്പ് കെ-യിലെ നിർണായക പോരാട്ടത്തിൽ ഇരട്ട ഗോളുകളോടെ മുന്നിൽ നിന്ന് നയിച്ച 41-കാരനായ റൊണാൾഡോ, ഫുട്ബോൾ ചരിത്രത്തിൽ തുടർച്ചയായി ആറ് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരൻ എന്ന അത്യപൂർവ്വ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു.
ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോയോട് സമനില വഴങ്ങിയതിന് കടുത്ത വിമർശനം നേരിട്ട പോർച്ചുഗൽ, ഹൂസ്റ്റണിൽ പൂർണ്ണ മേധാവിത്വത്തോടെയുള്ള മാസ്സ് പ്രകടനമാണ് പുറത്തെടുത്തത്.

കളിയുടെ ആറാം മിനിറ്റിൽ തന്നെ ജാവോ കാൻസെലോയുടെ ക്രോസിൽ നിന്ന് ഒരു ലോ ഹാഫ് വോളിയിലൂടെ റൊണാൾഡോ ചരിത്ര ഗോൾ നേടി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയും സിആർ7 സ്വന്തമാക്കി. 1994-ൽ 42-ാം വയസ്സിൽ ഗോൾ നേടിയ കാമറൂണിന്റെ റോജർ മില്ല മാത്രമാണ് ഇനി റൊണാൾഡോയ്ക്ക് മുന്നിലുള്ളത്.
17-ാം മിനിറ്റിൽ 20 വാര അകലെ നിന്ന് ലഭിച്ച ഫ്രീ കിക്ക് നേരിട്ട് വലയിലെത്തിച്ച് നുനോ മെൻഡിസ് പോർച്ചുഗലിന്റെ ലീഡ് രണ്ടാക്കി. ഇതിനിടെ ഉസ്ബെക്കിസ്ഥാന്റെ അസീസ് ഗാനിഷിന്റെ ഒരു തകർപ്പൻ ഗോൾ പിറന്നെങ്കിലും, അതിന് മുൻപ് കാൻസെലോയെ ഫൗൾ ചെയ്തതിനാൽ വാർ (VAR) പരിശോധനയിലൂടെ അത് റദ്ദാക്കി. തുടർന്ന് 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹരമായ പാസിൽ നിന്ന് റൊണാൾഡോ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി സ്കോർ 3-0 ആക്കി. ലോകകപ്പുകളിൽ റൊണാൾഡോയുടെ ആകെ ഗോൾ സമ്പാദ്യം ഇതോടെ 10 ആയി ഉയർന്നു.
രണ്ടാം പകുതിയിൽ ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പർ അബ്ദഹിദ് നെമാറ്റോവിന്റെ വകയായുള്ള ഓൺ ഗോളും, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോയുടെ വെടിയുണ്ടപോലെയുള്ള ഷോട്ടും കൂടിയായതോടെ പോർച്ചുഗലിന്റെ ഗോൾപട്ടിക പൂർത്തിയായി.

ഈ വമ്പൻ വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പ് കെ-യിൽ പോർച്ചുഗൽ ഒന്നാമതെത്തി. കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരെ ഇരട്ട ഗോൾ നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായി (18 ഗോളുകൾ) മാറിയ ലയണൽ മെസ്സിയോട്, ആറ് ലോകകപ്പുകളിൽ സ്കോർ ചെയ്ത ഏക താരം എന്ന അപൂർവ്വ റെക്കോർഡിലൂടെ കടുത്ത വെല്ലുവിളി ഉയർത്താനും റൊണാൾഡോയ്ക്ക് കഴിഞ്ഞു.



