Tue, 28 July 2026
KeralaSports

കേരളത്തിൽ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാം; ആശങ്കകൾക്ക് വിരാമമിട്ട് കായിക മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം

Newtalks Desk

തിരുവനന്തപുരം: ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുസ്ഥലങ്ങളിൽ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കായിക പ്രേമികൾക്കിടയിൽ നിലനിന്നിരുന്ന വലിയ ആശങ്കകൾക്ക് ഒടുവിൽ ശുഭപര്യവസായം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും ക്ലബ്ബുകൾക്കും സംസ്ഥാനത്ത് ലോകകപ്പ് മത്സരങ്ങൾ പൂർണ്ണമായും സൗജന്യമായി തന്നെ പ്രദർശിപ്പിക്കാമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഔദ്യോഗിക ലൈസൻസ് ഉടമകൾ ഫീസ് ഒഴിവാക്കാൻ തയ്യാറായത്.

​2026 ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശമുള്ള ‘സി എന്റർടൈൻമെന്റ് എന്റർപ്രൈസസ്’, ഓൺലൈൻ സ്ട്രീമിങ് പങ്കാളികളായ ‘സി ഫൈവ്’ (Zee5) എന്നിവരിൽ നിന്നും കേരളത്തിലെ തത്സമയ പ്രദർശനത്തിനുള്ള ലൈസൻസ് സ്വന്തമാക്കിയത് പ്രമുഖ പ്രാദേശിക ഫുട്ബോൾ ക്ലബ്ബായ ‘ഈഗിൾസ് എഫ്.സി’ ആയിരുന്നു. പൊതുപ്രദർശനങ്ങൾക്ക് 25,000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ ലൈസൻസ് ഫീസ് ഈടാക്കുമെന്ന വാർത്തകൾ വന്നതോടെയാണ് കായികപ്രേമികൾക്കിടയിൽ പ്രതിഷേധവും ആശങ്കയും ഉയർന്നത്. തുടർന്ന് കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ സിഫൈവ്, ഈഗിൾസ് എഫ്.സി അധികൃതരുമായി നടത്തിയ അവസാനവട്ട ചർച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്.

​പുതിയ തീരുമാനപ്രകാരം പ്രാദേശിക ക്ലബ്ബുകൾ, പബ്ലിക് ലൈബ്രറികൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, വിവിധ സാമൂഹിക കൂട്ടായ്മകൾ എന്നിവർക്ക് പ്രവേശന ഫീസോ വാണിജ്യ താല്പര്യങ്ങളോ ഇല്ലാതെ സൗജന്യമായി മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ കാണിക്കാം. എന്നാൽ ടിക്കറ്റ് വെച്ചോ മറ്റ് വ്യാപാര സ്വഭാവത്തിലോ നടത്തുന്ന വാണിജ്യ പ്രദർശനങ്ങൾക്കായുള്ള മുൻ നിയന്ത്രണങ്ങൾ തുടരും. സൗജന്യ പ്രദർശനം നടത്താൻ ആഗ്രഹിക്കുന്നവർ ഫിഫയുടെയും ലൈസൻസിങ് ഏജൻസിയുടെയും കണക്കെടുപ്പിന്റെ ഭാഗമായി eaglesfckerala.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതോടെ സൗജന്യ ലൈസൻസ് ഓട്ടോമാറ്റിക്കായി ലഭ്യമാകും. ഫുട്ബോൾ വികാരമായി കാണുന്ന കേരളത്തിലെ ആരാധകർക്കായി രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പ്രത്യേക അനുമതി ലഭ്യമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Leave a Reply

Your email address will not be published. Required fields are marked *