Wed, 29 July 2026
HealthKerala

നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവര്‍ത്തിച്ചിരുന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലാണെന്ന് കണ്ടെത്തല്‍

Newtalks Desk

കൊച്ചി: കേരളത്തില്‍ വന്‍ തോതില്‍ നടന്നുവന്ന നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവര്‍ത്തിച്ചിരുന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലാണെന്ന് കണ്ടെത്തല്‍. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് വന്‍ ലാഭമുണ്ടാക്കിയ സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിച്ചു.

കേരള പൊലീസിന്റെ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത കേന്ദ്ര ഏജന്‍സി, കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ആശുപത്രികള്‍ ഉള്‍പ്പെടെ കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയിലൂടെ ജീവകാരുണ്യപരമായ അവയവദാനമെന്ന വ്യാജേനയാണ് ഈ അന്താരാഷ്ട്ര ക്രിമിനല്‍ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇഡി വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശിയായ മുഖ്യസൂത്രധാരന്‍ മുഹമ്മദ് നജീബ് കെ., പങ്കാളി റഷീദ എഎ. എന്നിവരുടെ നേതൃത്വത്തില്‍ ‘കല്ലത്തറാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വ്യാജ കമ്പനി വഴിയാണ് ഈ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ഏജന്റുമാരെയും ഇടനിലക്കാരെയും ഉപയോഗിച്ച് കടുത്ത കടബാധ്യതയുള്ള പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ നല്‍കിയാണ് ഇവര്‍ അവയവങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ അവയവം സ്വീകരിക്കുന്ന രോഗികളില്‍ നിന്നും 20 ലക്ഷം മുതല്‍ 35 ലക്ഷത്തിലധികം രൂപ വരെ ഈ സംഘം ഈടാക്കിയിരുന്നു.

ജില്ലാതല അനുമതി കമ്മിറ്റികളുടെ അംഗീകാരം നേടിയെടുക്കുന്നതിനായി ഇവര്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചിരുന്നു. പൊലീസിന്റെ പേരില്‍ വ്യാജ ജീവകാരുണ്യ സര്‍ട്ടിഫിക്കറ്റുകള്‍, ജനപ്രതിനിധികളുടെ ശുപാര്‍ശ കത്തുകള്‍, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവയെല്ലാം ഇവര്‍ വ്യാജമായി ചമച്ചതായും ഇഡി കണ്ടെത്തി.

എറണാകുളം ജില്ലയിലെ പള്ളിക്കരയിലുള്ള ‘സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഡിടിപി സെന്റര്‍’, ‘സൈന്‍ എച്ച്.ഡി ഡിജിറ്റല്‍ സ്റ്റുഡിയോ’ എന്നിവടങ്ങളില്‍ വെച്ചാണ് ഈ വ്യാജരേഖകളെല്ലാം നിര്‍മ്മിച്ചിരുന്നതെന്ന് ഇഡി പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് എറണാകുളത്തെ പ്രമുഖ കോര്‍പ്പറേറ്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകള്‍ സുഗമമായി നടപ്പാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡുകളില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും പണം കൈമാറിയതിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ഇവരുടെ പേരിലുള്ള ഭൂമിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇതിനകം തന്നെ ഇഡി മരവിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ മാസം ഉത്തര്‍പ്രദേശില്‍ നിന്നും പിടിയിലായ മുഖ്യസൂത്രധാരന്‍ മുഹമ്മദ് നജീബടക്കം ആറ് പേരെയാണ് ഈ കേസില്‍ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.


Leave a Reply

Your email address will not be published. Required fields are marked *