ലോക സമാധാനത്തിന് കേരളം വകയിരുത്തിയത് രണ്ട് കോടി! ചർച്ചയായി പിണറായി കാലത്തെ ബജറ്റ്
തൃശ്ശൂർ: പിണറായി സർക്കാർ ഭരിക്കുന്ന കാലത്ത് സംസ്ഥാന ബജറ്റിൽ ലോകസമാധാനത്തിന് വേണ്ടി രണ്ട് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ വകയിരുത്തിയ രണ്ട് കോടി രൂപ എന്ത് ചെയ്തു എന്നന്വേഷിച്ച് തൃശൂർ സ്വദേശി നൽകിയ വിവരാവകാശ ഹർജിയും അതിന് ധനവകുപ്പ് നൽകിയ മറുപടിയും ചർച്ചയാകുന്നു. 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലായിരുന്നു ലോകസമാധാനത്തിനായി രണ്ട് കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.
ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവർത്തകരെയും ചിന്തകരെയും ഏകോപിപ്പിച്ചുകൊണ്ട് ഓൺലൈൻ ചർച്ചകളും അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കുന്നതിനും, ആഗോളതലത്തിൽ സമാധാന പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതിനും വേണ്ടിയാണ് ഈ തുക നീക്കിവെക്കുന്നതെന്നായിരുന്നു അന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ലോകസമാധാനത്തിന് പണം നീക്കിവെച്ച നടപടി അന്ന് വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു.
ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തുകയുടെ വിനിയോഗത്തെക്കുറിച്ച് അറിയാൻ തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച ഈ രണ്ട് കോടി രൂപ മറ്റ് യാതൊരുവിധ ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലെന്നും ഈ തുകയുടെ വിനിയോഗത്തിന്മേൽ ധനവകുപ്പ് പിന്നീട് യാതൊരുവിധ തുടർനടപടികളും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു ലഭിച്ച ഔദ്യോഗിക മറുപടി. പദ്ധതിക്കായി തുകയൊന്നും തന്നെ ഖജനാവിൽ നിന്ന് പിൻവലിച്ച് ചിലവഴിക്കാത്തതുകൊണ്ടുതന്നെ സംസ്ഥാന ഖജനാവിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
വിവരാവകാശ അപേക്ഷ നൽകിയ ഘട്ടത്തിൽ ആദ്യമൊന്നും വ്യക്തമായ മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. പിന്നീട് ഹർജിക്കാരൻ അപ്പീൽ അതോറിറ്റിയെ സമീപിച്ചതിന് ശേഷമാണ് വിവരങ്ങൾ നൽകാൻ ധനവകുപ്പ് തയ്യാറായത്.



