Tue, 27 October 2026
IndiaLifestyle

“ഒരു റോഡ് തരുമോ മുഖ്യമന്ത്രി?”; ബ്രൈഡൽ ലെഹങ്കയിൽ നാല് മണിക്കൂർ മലകയറി നവവധു; വിഡിയോ വൈറൽ!

Newtalks Desk

ഡെറാഡൂൺ: സ്വാതന്ത്ര്യം ലഭിച്ച് ദശാറ്റാഡങ്ങൾ പിന്നിട്ടിട്ടും റോഡ് സൗകര്യം എത്താത്ത ഉൾപ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം തുറന്നുകാട്ടി നവവധുവിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ ചക്രത മേഖലയിൽ വിവാഹച്ചടങ്ങിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് ഭാരമേറിയ വിവാഹവേഷത്തിൽ (ബ്രൈഡൽ ലെഹങ്ക) 18 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യേണ്ടിവന്ന ഷർമിള എന്ന യുവതിയാണ് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെയും ശ്രദ്ധയിൽ ഈ ഗ്രാമീണ ദുരിതം എത്തിച്ചത്. റോഡ് സൗകര്യമില്ലാത്തതിന്റെ പേരിൽ തങ്ങളെപ്പോലുള്ള സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിഡിയോയിലൂടെ നൽകിയ അഭ്യർത്ഥനയാണ് ഇപ്പോൾ രാജ്യവ്യാപകമായി ചർച്ചയാകുന്നത്.

ഉത്തരാഖണ്ഡിലെ ബുൽഹാർ ഗ്രാമത്തിൽനിന്നുള്ള ഷർമിളയുടെ വിവാഹം ഉഡാവ ഗ്രാമവാസിയായ അനിൽ ചൗഹാനുമായാണ് നിശ്ചയിച്ചിരുന്നത്. വിവാഹച്ചടങ്ങുകൾക്ക് ശേഷം വരന്റെ വീട്ടിലേക്ക് പുറപ്പെട്ട വധൂവരന്മാരും സംഘവും വാഹനങ്ങളുടെ അകമ്പടിയോടെ ലോഖണ്ടി എന്ന പ്രദേശം വരെ സുഗമമായി എത്തിച്ചേർന്നു. എന്നാൽ യഥാർത്ഥ ദുരിതം ആരംഭിക്കുന്നത് അവിടെനിന്നാണ്. അവിടുന്നങ്ങോട്ട് ഉഡാവ ഗ്രാമത്തിലേക്ക് വാഹനങ്ങൾ പോകാൻ റോഡ് സൗകര്യമില്ല. കുന്നുകളും പരുക്കൻ പാതകളും നിറഞ്ഞ ദുർഘടമായ മലമ്പ്രദേശത്തിലൂടെ ഗ്രാമത്തിലേക്ക് എത്താൻ കാൽനട മാത്രമാണ് ഏക പോംവഴി. ഗൃഹപ്രവേശ ചടങ്ങിന്റെ ശുഭമുഹൂർത്തത്തിൽ തന്നെ ഭർത്താവിന്റെ വീട്ടിലെത്തണമെന്ന ആഗ്രഹത്താൽ, കനത്ത വിവാഹ വസ്ത്രവും അണിഞ്ഞ് ഷർമിള ആ സാഹസികമായ നടപ്പ് ഏറ്റെടുക്കുകയായിരുന്നു. ഏകദേശം നാല് മണിക്കൂറോളമാണ് ഈ മലയോര പാതയിലൂടെ അവർ കാൽനടയായി യാത്ര ചെയ്തത്.

​തന്റെ വിവാഹദിവസം അനുഭവിച്ച ഈ യാത്രാദുരിതം മറ്റ് ഗ്രാമീണർക്ക് ഇനിയൊരു അവസ്ഥയായി ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഷർമിള മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയോട് അഭ്യർത്ഥന നടത്തിയത്. ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഗ്രാമീണർ തന്നെയാണ് വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. കുന്നിൻമുകളിലെ ഈ ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക് വാഹന ഗതാഗതം സാധ്യമാക്കാൻ റോഡ് നിർമ്മിച്ചു നൽകണമെന്നാണ് നവവധുവിന്റെ പ്രധാന ആവശ്യം. വിഡിയോ അതിവേഗം വൈറലായതോടെ ഉത്തരാഖണ്ഡിലെ മലയോര ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യമില്ലായ്മയും യാത്രാപ്രശ്നങ്ങളും ദേശീയതലത്തിൽ വീണ്ടും വലിയ ചർച്ചയായിട്ടുണ്ട്.

​ഉത്തരാഖണ്ഡിലെ പല ഉൾപ്രദേശങ്ങളിലും റോഡ് നിർമ്മാണം ഇനിയും എത്താതിരിക്കുന്നത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രധാനപ്പെട്ട ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കും മാത്രമല്ല, അത്യാഹിത ഘട്ടങ്ങളിൽ രോഗികളെയും ഗർഭിണികളെയും ആശുപത്രിയിലെത്തിക്കാൻ പോലും കിലോമീറ്ററുകളോളം കാൽനടയായി ചുമന്നു കൊണ്ടുപോകേണ്ട ഗതികേടിലാണ് ഇവിടത്തെ ജനങ്ങൾ. മുൻപും സമാനമായ രീതിയിൽ റോഡ് സൗകര്യമില്ലാത്തതിന്റെ പേരിൽ ആളുകൾ ദുരിതമനുഭവിക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വിവാഹവേഷത്തിൽ നവവധു തന്നെ നേരിട്ട് തന്റെ ഗ്രാമത്തിന്റെ അവസ്ഥ അധികാരികളുടെ മുന്നിൽ അവതരിപ്പിച്ചതോടെ, എങ്കിലും തങ്ങളുടെ പ്രദേശത്ത് റോഡ് എത്തുമെന്ന പ്രതീക്ഷയിലാണ് ഉഡാവ ഗ്രാമത്തിലെ ജനങ്ങൾ. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.


Leave a Reply

Your email address will not be published. Required fields are marked *