Wed, 28 October 2026
BusinessIndia

വാട്‌സാപ്പ് മറുപടി
തെളിവല്ല; അവധി
നീട്ടി ചോദിച്ച്
കുടുങ്ങി റെയിൽവേ
ജീവനക്കാരൻ

Newtalks Desk

വാട്‌സാപ്പ് സന്ദേശത്തിന് മേലുദ്യോഗസ്ഥൻ നൽകുന്ന ‘ശരി’ അല്ലെങ്കിൽ ‘ഓക്കേ’ (OK) പോലുള്ള മറുപടികൾ ഔദ്യോഗികമായി അവധി അംഗീകരിച്ചതായി കണക്കാക്കാനാകില്ലെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (CAT) അലഹബാദ് ബെഞ്ച് വ്യക്തമാക്കി. അവധി നിഷേധിച്ചതിനെ തുടർന്നുണ്ടായ അച്ചടക്ക നടപടിയെയും സ്ഥലംമാറ്റത്തെയും ചോദ്യം ചെയ്ത് നോർത്ത് സെൻട്രൽ റെയിൽവേ ജീവനക്കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ട്രിബ്യൂണൽ ഈ നിർണായക നിരീക്ഷണം നടത്തിയത്. പ്രയാഗ്‌രാജിൽ നിന്നും ഫത്തേപൂരിലേക്കുള്ള തന്റെ സ്ഥലംമാറ്റ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയ രഞ്ജൻ കുമാർ എന്ന റെയിൽവേ ജീവനക്കാരൻ സമർപ്പിച്ച അപേക്ഷയാണ് ജുഡീഷ്യൽ അംഗമായ രജ്നീഷ് കുമാർ റായ് അടങ്ങിയ ബെഞ്ച് തള്ളിയത്.

തന്റെ സ്വന്തം നാട്ടിലേക്ക് പോകാനായി ജൂലൈ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ പ്രിയ രഞ്ജൻ കുമാർ മൂന്ന് ദിവസത്തെ അവധി എടുത്തിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഈ അവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി ചോദിച്ചുകൊണ്ട് അദ്ദേഹം തന്റെ മുതിർന്ന ഉദ്യോഗസ്ഥനായ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഹിമാൻഷു ശുക്ലയ്ക്ക് വാട്‌സാപ്പിൽ സന്ദേശം അയക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ ഈ സന്ദേശത്തിന് മറുപടിയായി ‘ഓക്കേ’ എന്ന് ടൈപ്പ് ചെയ്യുക മാത്രമാണ് ചെയ്തത്. ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് താൻ അവധി നീട്ടിയതെന്നും എന്നാൽ ജോലിയിൽ പ്രവേശിച്ച ഉടൻ തന്നെ തന്നെ സസ്പെൻഡ് ചെയ്യുകയാണുണ്ടായതെന്നും ജീവനക്കാരൻ വാദിച്ചു. അവധിക്ക് അപേക്ഷിച്ചതിന്റെ പേരിൽ പകപോക്കൽ നടപടിയായാണ് റെയിൽവേ തന്നെ ഫത്തേപൂരിലേക്ക് സ്ഥലം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

​എന്നാൽ ജീവനക്കാരന്റെ ഈ വാദങ്ങളെ റെയിൽവേ അധികൃതർ കോടതിയിൽ ശക്തമായി എതിർത്തു. ഫത്തേപൂർ റെയിൽവേ സ്റ്റേഷനിൽ പുതിയതായി ആരംഭിച്ച എൻട്രി ആൻഡ് ബുക്കിംഗ് ഓഫീസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജീവനക്കാരനെ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്കായി സ്ഥലം മാറ്റിയതെന്നും, ഇതിൽ യാതൊരുവിധ പ്രതികാര നടപടികളും ഇല്ലെന്നും റെയിൽവേ വ്യക്തമാക്കുകയായിരുന്നു. കൂടാതെ, വാട്‌സാപ്പിൽ ലഭിച്ച ഒരു ലളിതമായ മറുപടി ഔദ്യോഗികമായി അവധി പാസ്സാക്കിയതിനുള്ള ശാസ്ത്രീയമോ നിയമപരമോ ആയ രേഖയായി അംഗീകരിക്കാൻ കഴിയില്ലെന്നും റെയിൽവേ വാദിച്ചു. ഇരുവശത്തുനിുമുള്ള വാദമുഖങ്ങൾ വിശദമായി പരിശോധിച്ച ട്രിബ്യൂണൽ റെയിൽവേയുടെ വാദങ്ങൾ അംഗീകരിക്കുകയും ജീവനക്കാരന്റെ സ്ഥലംമാറ്റത്തിന് വ്യക്തമായ ഭരണപരമായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

​സുപ്രീം കോടതിയുടെ മുൻകാല ഉത്തരവുകൾ ഉദ്ധരിച്ചുകൊണ്ട്, കേവലം പകപോക്കലിന്റെ ഭാഗമായി നടത്തുന്ന സ്ഥലംമാറ്റങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, ഈ കേസിൽ റെയിൽവേ അതൊരു ഔദ്യോഗിക നടപടിയുടെ ഭാഗമായിട്ടാണ് ചെയ്തതെന്ന് തെളിയിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. വാട്‌സാപ്പിലെ ‘ഓക്കേ’ മറുപടി മാത്രം വെച്ച് മേലധികാരി ഔദ്യോഗികമായി അവധി അനുസരിച്ചതായി തെളിയിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ട്രിബ്യൂണൽ, ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിലയിരുത്തി. ഒക്ടോബർ 7-നാണ് അലഹബാദ് ക്യാറ്റ് ബെഞ്ച് ഈ ഹർജി തള്ളിക്കൊണ്ടുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിറ്റൽ യുഗത്തിൽ ഔദ്യോഗിക ആശയവിനിമയങ്ങൾക്കും അവധി അപേക്ഷകൾക്കും വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലഘട്ടത്തിൽ, ഈ കോടതി വിധി വളരെ വലിയ നിയമപരമായ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ വാട്‌സാപ്പിലെ അനൗദ്യോഗിക സന്ദേശങ്ങളെ മാത്രം ആശ്രയിക്കുന്ന ജീവനക്കാർക്ക് കനത്ത മുന്നറിയിപ്പാണ് ഈ ഉത്തരവ് നൽകുന്നത്.


Leave a Reply

Your email address will not be published. Required fields are marked *