വിസിമാർക്ക് ഉണ്ടായത് ഗുരുതര വീഴ്ച, മാപ്പ് പറയണം”; വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ മാപ്പ് പറയണം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിസിമാർക്ക് ഉണ്ടായത് ഗുരുതര വീഴ്ച. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കില്ല. തീവ്ര വർഗീയത പറയുന്ന ആർഎസ്എസിന്റെ പരിപാടിയിലാണ് വിസിമാർ പങ്കെടുത്തത്. വിസിമാരുടെ നടപടി വിദ്യാഭ്യാസ പാരമ്പര്യത്തിന് നിരക്കാത്തതാണ്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.
#VDSatheesan



