Tue, 27 October 2026
India

പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

Newtalks Desk

ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ നടന്നുക്കൊണ്ടിരിക്കുന്ന സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (PCI) കർശനമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രൊഫഷണൽ പെരുമാറ്റവും ധാർമ്മികമായ വാർത്താ ശേഖരണവും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. മാധ്യമപ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ, നിയമപാലകരായ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ തമ്മിലുള്ള പരസ്പര ഏകോപനം മെച്ചപ്പെടുത്താനും ഈ നിർദ്ദേശങ്ങൾ സഹായകരമാകുമെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

​പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മാധ്യമസ്ഥാപനങ്ങളും പി.ഐ.ബി (PIB) അല്ലെങ്കിൽ ഡി.ഐ.പി (DIP) പോലുള്ള ഔദ്യോഗിക സംവിധാനങ്ങളും നൽകുന്ന സാധുവായ തിരിച്ചറിയൽ കാർഡുകൾ മാധ്യമപ്രവർത്തകർ എപ്പോഴും വ്യക്തമായി കാണുന്ന രീതിയിൽ ധരിക്കേണ്ടതാണ്. സമരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ തികഞ്ഞ നിഷ്പക്ഷത പാലിക്കണമെന്നും, ഏതെങ്കിലും ഒരു പക്ഷം ചേരുകയോ പ്രതിഷേധക്കാരുമായോ പോലീസുമായോ സംഘർഷങ്ങളിലേക്ക് വഴിമാറുന്ന ഇടപെടലുകൾ നടത്തുകയോ ചെയ്യരുതെന്നും കൗൺസിൽ കർശനമായി ഓർമ്മിപ്പിക്കുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും നിയമപരമായ പോലീസ് നിർദ്ദേശങ്ങളോട് മാന്യമായി സഹകരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. സംഘർഷ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിലും പോലീസിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാൻ സാധ്യതയുള്ള സന്ദർഭങ്ങളിലും മാധ്യമപ്രവർത്തകർ സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. പോലീസിന്റെ ബാരിക്കേഡുകളിലോ വാഹനങ്ങളിലോ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ക്യാമറകളോ റെക്കോർഡിംഗ് ഉപകരണങ്ങളോ ഘടിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

​ഇതിനുപുറമേ, വ്യക്തിഗത സുരക്ഷയ്ക്കായി അത്യാഹിത ഘടങ്ങളിൽ ഉപയോഗിക്കാനായി പ്രഥമശുശ്രൂഷാ വസ്തുക്കൾ, കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, ഫ്ലാഷ്‌ലൈറ്റുകൾ, കണ്ണുകളുടെ സംരക്ഷണത്തിനായുള്ള ഗോഗ്ഗിളുകൾ തുടങ്ങിയവ അടങ്ങിയ കോംപാക്ട് എമർജൻസി കിറ്റുകൾ മാധ്യമപ്രവർത്തകർ കൈയിൽ കരുതണം. പ്രത്യേകിച്ചും കണ്ണീർവാതക ഷെല്ലുകളോ പുക ഗ്രനേഡുകളോ റോഡിൽ കിടക്കുന്നവയോ സ്ഫോടക വസ്തുക്കളോ യാതൊരു കാരണവശാലും തൊടുകയോ മാറ്റാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു. അവയിൽ നിന്ന് വലിയതോതിൽ പരിക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ളത് പ്രത്യേകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാർത്താ ശേഖരണത്തിൽ ധാർമ്മികത പുലർത്തണമെന്നും, വസ്തുതകൾ പല കോണുകളിൽ നിന്നും ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വാർത്തകൾ നൽകണമെന്നും കൗൺസിൽ ആവശ്യപ്പെടുന്നു. സുരക്ഷാ പ്രശ്നങ്ങളെ ബാധിക്കുന്ന തരത്തിൽ പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളോ സുരക്ഷാ സജ്ജീകരണങ്ങളോ തത്സമയം (Real-time) സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കണം. എക്സ്ക്ലൂസീവ് ദൃശ്യങ്ങൾക്ക് പിറകെ പോകുമ്പോൾ സ്വന്തം സുരക്ഷ അവഗണിക്കരുതെന്നും പ്രസ് കൗൺസിൽ മാധ്യമപ്രവർത്തകരെ ഓർമ്മിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *