ജന്തര്‍മന്തറിൽ സിജെപിയുടെ മിന്നല്‍ എന്‍ട്രി; പുറംലോകം അറിഞ്ഞത് യുട്യൂബ് ലൈവിലൂടെ, പിന്നാലെ പോലീസ് അറസ്റ്റും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ വിവാദ നടപടികൾക്കും വോട്ടർപട്ടിക വെട്ടിനിരത്തലുകൾക്കുമെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയുടെ ചരിത്രപരമായ പ്രതിഷേധ വേദിയായ ജന്തർമന്ദറിനെ ഔദ്യോഗിക സമര കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് കേന്ദ്ര സർക്കാർ നീക്കം ചെയ്തതിന് പിന്നാലെ, അവിടെയെത്തി പ്രതിഷേധം സംഘടിപ്പിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രമുഖ മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയ മുൻനിര നേതാക്കളാണ് ചൊവ്വാഴ്ച രാവിലെ ജന്തർമന്ദറിലെ ഇരുമ്പ് ഗേറ്റുകളും പോലീസ് ബാരിക്കേഡുകളും ചാടിക്കടന്ന് നടത്തിയ മിന്നൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായത്.
ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ജനവിരുദ്ധ നടപടികൾക്കെതിരെയും ജനാധിപത്യ അവകാശങ്ങൾക്കുമേൽ ഏർപ്പെടുത്തിവരുന്ന കടുത്ത നിയന്ത്രണങ്ങൾക്കുമെതിരെയായിരുന്നു സി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഈ പുതിയ പ്രക്ഷോഭം അരങ്ങേറിയത്. കയ്യിൽ ദേശീയ പതാകകളേന്തി ‘ഭാരത് മാതാ കീ ജയ്’, ‘ഇങ്ക്വിലാബ് സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രവർത്തകർ സുരക്ഷാ വലയം ഭേദിച്ച് ജന്തർമന്ദറിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന വൻ പോലീസ് സന്നാഹം ഇവരെ പിന്തുടർന്ന് പിടികൂടുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് മാറ്റുകയുമായിരുന്നു. സർക്കാരിന്റെ നിരോധന ഉത്തരവുകളെ വകവെയ്ക്കാതെ പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം പടരുമെന്ന് സി.ജെ.പി സ്ഥാപകനും നേതാവുമായ അഭിജിത് ദിപ്കെ വ്യക്തമാക്കി. ‘പ്രതിഷേധങ്ങളെ ഒരിക്കലും ഡീനോട്ടിഫൈ ചെയ്യാൻ സർക്കാരിനാകില്ല’ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആഞ്ഞടിച്ചു.
പ്രതിഷേധ വേദികൾ മാറ്റി കേന്ദ്ര സർക്കാർ; പുതിയ സമര കേന്ദ്രങ്ങൾ ബുാരിയിലും രാംലീല മൈതാനത്തും:
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഡൽഹിയുടെ കേന്ദ്രഭാഗത്തുള്ള ജന്തർമന്ദറിനെ ഇനി മുതൽ പ്രതിഷേധ വേദിയായി ഉപയോഗിക്കാൻ അനുവാദമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് ഉത്തരവിട്ടിരുന്നു. ഇതിന് പകരമായി ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ ഔദ്യോഗിക സമര കേന്ദ്രങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാംലീല മൈതാനം, ബുാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധ വേദികൾ. രാജ്യതലസ്ഥാനത്ത് നടക്കുന്ന വലിയ രാഷ്ട്രീയ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ഒതുക്കാനും നിയന്ത്രിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.
എന്നാൽ, ജന്തർമന്ദർ പോലുള്ള ചരിത്രപ്രധാനമായ സമരഭൂമി ഒഴിവാക്കിയതുകൊണ്ട് ജനങ്ങളുടെ പ്രതിഷേധം ഒതുങ്ങില്ലെന്നും, രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് സമരങ്ങൾ വ്യാപിപ്പിക്കുമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) നടപടികൾക്കെതിരെയും വോട്ട് ചോർച്ചാ ആരോപണങ്ങൾക്കെതിരെയും രാജ്യവ്യാപകമായി അലയടിക്കുന്ന പ്രക്ഷോഭങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവുകളിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്.



