“വോട്ട് ചോർച്ച”യ്ക്കെതിരെ സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ മാർച്ച്
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായ വോട്ടർപട്ടിക വെട്ടിനിരത്തലുകൾക്കും “വോട്ട് ചോർച്ച” ആരോപണങ്ങൾക്കുമെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) പ്രക്രിയ ഉടൻ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യാ’ മുന്നണി ഡൽഹിയിൽ സുപ്രീം കോടതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനായി പാർട്ടി ഭേദമന്യേ എല്ലാ പൗരന്മാരും മുന്നോട്ടുവരണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
തലസ്ഥാനത്ത് കനത്ത സുരക്ഷാ സന്നാഹങ്ങൾ നിലനിൽക്കെ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്നും ബാരാഖാംബ റോഡ് വഴി സുപ്രീം കോടതിയിലേക്ക് ആരംഭിച്ച മാർച്ചിൽ വിവിധ രാഷ്ട്രീയ നേതാക്കളും സന്നദ്ധ സംഘടനകളും അണിനിരന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അട്ടിമറികളും ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റങ്ങളും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്തിനെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനായിരുന്നു പ്രതിപക്ഷ നേതാക്കളുടെ തീരുമാനം. എന്നാൽ, വിഷയങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്ന (Sub judice) കാരണത്താൽ ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നടപടികൾക്കെതിരെ വിമർശനം:
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ സി.ജെ.പി (CJP) പ്രവർത്തകർക്കും വിദ്യാർത്ഥി നേതാക്കൾക്കും നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളെയും കൂട്ടത്തോടെയുള്ള കരുതൽ തടങ്കലുകളെയും പ്രതിപക്ഷ നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്ദിർ പ്രതിഷേധ വേദിയാക്കുന്നത് അധികാരികൾ തടഞ്ഞെങ്കിലും, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങൾ ഭരണഘടന സംരക്ഷിക്കാനായി തെരുവിലിറങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തലസ്ഥാനത്തെ സുപ്രധാനമായ ആറ് മെട്രോ സ്റ്റേഷനുകളുടെ പ്രവേശനവും പുറത്തുകടക്കലും താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. പട്ടേൽ ചോക്ക്, ജൻപത്, രാജീവ് ചോക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബാരാഖാംബ റോഡ് എന്നീ സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിടരുന്നത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ അർദ്ധസൈനിക വിഭാഗങ്ങളെയും പോലീസിനെയും വിന്യസിച്ചിരിക്കുന്നതിനാൽ സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. വോട്ട് ചോർച്ചാ ആരോപണങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകളും ദേശീയ രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിക്കുന്നത്.



