Tue, 27 October 2026
IndiaKerala

ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി; ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നു

Newtalks Desk

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിനെതിരെ അസാധാരണമായ ഭരണഘടനാ നടപടികളുമായി കേരള നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) പ്രക്രിയയിലെ വ്യാപകമായ വോട്ടർപട്ടിക വെട്ടിനിരത്തലുകൾക്കും വോട്ട് ചോർച്ചാ ആരോപണങ്ങൾക്കുമെതിരെയാണ് സംസ്ഥാന സർക്കാർ നിർണായകമായ പ്രമേയം കൊണ്ടുവരുന്നത്. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന നിയമസഭ നിലവിലുള്ള ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി പ്രമേയം അവതരിപ്പിക്കുന്നത്.

​തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് സഭയുടെ കാര്യവിചാര ചട്ടങ്ങളിലെ റൂൾ 118 പ്രകാരം ഈ ചരിത്രപരമായ പ്രമേയം അവതരിപ്പിക്കുന്നത്. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ മൂലം അർഹരായ ലക്ഷക്കണക്കിന് വോട്ടർമാരുടെ അവകാശങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം. എല്ലാ അർഹരായ പൗരന്മാർക്കും അവരുടെ വോട്ടവകാശം പൂർണ്ണമായി പുനഃസ്ഥാപിച്ചു നൽകണമെന്ന് പ്രമേയം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷമായ എൽ.ഡി.എഫും പ്രമേയത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സംയുക്ത പിന്തുണയോടെ പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സഭയിലെ എൻ.ഡി.എ എം.എൽ.എമാർ പ്രമേയത്തെ ശക്തമായി എതിർക്കുമെന്നാണ് സൂചന.

​തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി മാറ്റാൻ കേന്ദ്രത്തിന് നിർദ്ദേശം:

​ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നതിന് പുറമെ, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനായി നിർണ്ണായകമായ മറ്റൊരു ആവശ്യവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന ഉന്നതതല സമിതിയുടെ ഘടന പുനഃസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി എന്നിവരുൾപ്പെടുന്ന ഉന്നത സമിതിയായിരിക്കണം നിയമനങ്ങൾ നടത്തേണ്ടത് എന്ന സുപ്രധാന നിർദ്ദേശമാണ് കേരള നിയമസഭ മുന്നോട്ടുവെക്കുന്നത്.

​രാജ്യത്ത് സമീപകാലത്തായി അരങ്ങേറുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും പശ്ചാത്തലത്തിൽ കേരള നിയമസഭയുടെ ഈ നീക്കം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഡൽഹിയിൽ ഉൾപ്പെടെ പ്രതിപക്ഷ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കത്തിനിൽക്കുന്നതിനിടയിൽ, ഒരു സംസ്ഥാന നിയമസഭ നേരിട്ട് ഇത്തരമൊരു പ്രമേയവുമായി രംഗത്തുവരുന്നത് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുംമേലുള്ള സമ്മർദ്ദം ഇരട്ടിയാക്കും. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം വരും ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമാകും എന്നതിൽ സംശയമില്ല.


Leave a Reply

Your email address will not be published. Required fields are marked *