പിണറായിയെയും എൽ.ഡി.എഫിനെയും വെളുപ്പിക്കാൻ വൃഥാശ്രമം; എസ്.ഐ.ആർ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി വിമർശനം!
ഇക്കഴിഞ്ഞ കേരള നിയമ സഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ വീഴാൻ കാരണം എസ്ഐആർ എന്ന വാദം തള്ളി കോണ്ഗ്രസ്. ഇന്നലെ കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് കാരണം എസ്ഐആർ ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള വിമർശനവും ഉയർന്നു. ഇത് ഏറ്റുപിടിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല് കേരളത്തിൽ കണ്ടത് ഭരണ വിരുദ്ധ വികാരമാണെന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും എസ്ഐആറുമായി മായി ബന്ധമില്ല, സിജെപിയുടെ ഈ ആരോപണം ബിജെപിയെ സഹായിക്കാനാണ് എന്നുമാണ് കോണ്ഗ്രസ് നിലവില് ഈ വിഷയത്തിൽ ഉയർത്തുന്ന പ്രതിരോധം.ക്രമക്കേട് നടന്നിട്ടുണ്ടെങ്കില് മുഖ്യമന്ത്രി രാജിവെക്കണം എന്നാണ് ബിജെപിയുടെ ആവശ്യം.
ഡൽഹിയിലും ബെംഗളൂരുവിലും നടന്ന സമരങ്ങൾക്കിടെ, കേരളത്തിലെ ഭരണം മുന്നണിക്ക് നഷ്ടപ്പെടാൻ കാരണം എസ്.ഐ.ആറിലൂടെ വോട്ടുകൾ വെട്ടിമാറ്റിയതാണെന്നും 2024-ൽ ബി.ജെ.പിയെ തളയ്ക്കാൻ മുൻകൈ എടുത്തത് പിണറായി വിജയനാണെന്നുമുള്ള ദീപ്കെയുടെ അവകാശവാദങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
മുഖ്യധാരാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഇന്ത്യ’ മുന്നണി വോട്ടർപട്ടിക ക്രമക്കേടുകൾക്കെതിരെ വസ്തുനിഷ്ഠമായ തെളിവുകളോടെ രാഷ്ട്രീയ പ്രക്ഷോഭം നയിക്കുമ്പോൾ, പുത്തൻ രാഷ്ട്രീയ ഉദയങ്ങളായ ഇത്തരം പ്രസ്ഥാനങ്ങളുടെ അപക്വമായ അവകാശവാദങ്ങൾ യഥാർത്ഥ പോരാട്ടത്തിന്റെ വീര്യം കെടുത്തുകയാണെന്ന് പ്രതിപക്ഷ അനുഭാഷകരും രാഷ്ട്രീയ നിരീക്ഷകരും കുറ്റപ്പെടുത്തുന്നു.
തദ്ദേശത്തിലും നിയമസഭയിലും സംഭവിച്ച തോൽവി എസ്.ഐ.ആറിന്റെ കണക്കിൽ കെട്ടാൻ നീക്കം:
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങളെയും കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ദീപ്കെയുടെ പ്രസ്താവനകളെന്നാണ് യു.ഡി.എഫ് മുന്നണിയുടെയും പൊതു നിരീക്ഷകരുടെയും വിലയിരുത്തൽ. എൽ.ഡി.എഫ് ഭരണത്തിൽ നടന്ന എസ്.ഐ.ആർ പ്രക്രിയയിൽ സംസ്ഥാന സർക്കാരിന്റെയും അന്നത്തെ ചീഫ് ഇലക്ടറൽ ഓഫീസറുടെയും നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനങ്ങളാണ് പ്രവർത്തിച്ചത്. അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫിന്റെ നിതാന്ത ജാഗ്രതയും പരാതികളും കാരണമാണ് വോട്ടർപട്ടികയിൽ ഒരളവുവരെ സുതാര്യത ഉറപ്പാക്കാനായത്.
പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ വിധിയെയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച തിരിച്ചടിയെയും മറച്ചുവെക്കാൻ എസ്.ഐ.ആറിനെ കൂട്ടുപിടിക്കുന്നത് ജനവിധിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് വിമർശനം. പിണറായി വിജയൻ സർക്കാരിനെ ജനങ്ങൾ വോട്ടുചെയ്ത് തോൽപ്പിച്ച യാഥാർത്ഥ്യം നിലനിൽക്കെ, അത് വോട്ട് ചോർച്ചയുടെ കണക്കിൽ പെടുത്തി അവകാശവാദം ഉന്നയിക്കുന്നത് എൽ.ഡി.എഫ് ബ്രാഞ്ചുകളിൽ പോലും ചർച്ചയായി മാറിയ തോൽവി വിശകലനങ്ങളെപ്പോലും നിസ്സാരവൽക്കരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2024-ലെ പോരാട്ടവും പിണറായി വിജയന്റെ പങ്കും:
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 240 സീറ്റുകളിൽ തടഞ്ഞതിൽ പിണറായി വിജയനാണ് പ്രധാന പങ്കുവഹിച്ചതെന്ന ദീപ്കെയുടെ അവകാശവാദവും കടുത്ത പരിഹാസത്തിന് വഴിവെച്ചിട്ടുണ്ട്. കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിൽ ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. കേരളത്തിന് പുറത്ത് സി.പി.എം മത്സരിച്ച മിക്ക സീറ്റുകളിലും പ്രചാരണത്തിന് പോലും പോകാതിരുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വിദേശ പര്യടനത്തിലായിരുന്നുവെന്നതാണ് യാഥാർത്ഥ്യം.
രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് ചോരി’ പ്രക്ഷോഭം രാജ്യതലസ്ഥാനത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾക്ക് മുന്നിലും നിർണ്ണായകമായ അങ്കത്തട്ടിൽ എത്തിനിൽക്കുമ്പോൾ, ചരിത്രവും വസ്തുതകളും മനസ്സിലാക്കാതെയുള്ള ഇത്തരം അവകാശവാദങ്ങൾ പ്രതിപക്ഷ സഖ്യത്തിന്റെ യഥാർത്ഥ പോരാട്ടത്തിന് ‘സെൽഫ് ഗോൾ’ ആയി മാറുകയാണെന്നാണ് കോൺഗ്രസിൻ്റെ നിലപാട്.
“ജന്തർ മന്ദിർ കേന്ദ്ര ആഭ്യന്തരമന്ത്രിയുടേതല്ല, ജനങ്ങളുടേതാണ്”: അമിത് ഷായ്ക്കെതിരെ വിമർശനം
ന്യൂഡൽഹിയിൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് കേന്ദ്ര സർക്കാർ തടസ്സം നിൽക്കുന്നതിനെ അഭിജീത് ദീപ്കെ രൂക്ഷമായി വിമർശിച്ചു. “ജന്തർ മന്ദിർ ഇന്ത്യയിലെ സാധാരണ ജനങ്ങളുടേതാണ്, അല്ലാതെ അത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വന്തം സ്വത്തല്ല. മുംബൈയിലും ബെംഗളൂരുവിലും ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അനുമതിയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഡൽഹിയിൽ അമിത് ഷാ അതിന് അനുമതി നൽകാത്തത്?” എന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് ചോദിച്ചു.
ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പൊതുജനങ്ങളും ഒന്നിക്കണമെന്നും, എന്ത് തടസ്സങ്ങളുണ്ടായാലും വോട്ട് മോഷണത്തിനെതിരെയുള്ള പോരാട്ടം രാജ്യവ്യാപകമായി തുടരുമെന്നും ദീപ്കെ പ്രഖ്യാപിച്ചു.
എസ്.ഐ.ആറിനെതിരെ ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്ദിർ മാർച്ച്:
ബെംഗളൂരുവിലെ വിജയകരമായ സമരത്തിന് പിന്നാലെ, ഒക്ടോബർ 10-ന് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ ജന്തർ മന്ദിറിലേക്ക് വൻ പ്രതിഷേധ മാർച്ചും ധർണ്ണയും പ്രഖ്യാപിച്ചിരിക്കുകയാണ് സി.ജെ.പിയും മറ്റ് പ്രതിപക്ഷ സംഘടനകളും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയാണ് സമരം. നേതാക്കളെ കസ്റ്റഡിയിലെടുത്താലും അറസ്റ്റ് ചെയ്താലും ഒക്ടോബർ 10-ലെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് വാർത്താസമ്മേളനത്തിൽ ദീപ്കെ വ്യക്തമാക്കി.


