കാന്തപുരത്തിന്റെ സ്ത്രീപരാമർശ ചർച്ച: അവതാരകയുടെ പരാതിയിൽ മുജാഹിദ് നേതാവിനെതിരെ കേസ്, സർക്കാറിനെതിനെ വിമർശനവുമായി കോൺഗ്രസ് ലീഗ് വക്താക്കൾ
കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശത്തെപ്പറ്റി നടന്ന ചാനൽ ചർച്ചയ്ക്ക് പിന്നാലെ, ബിഗ് ടി വി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിൽ വിസ്ഡം സ്റ്റുഡൻസ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. ചർച്ചയിലെ വസ്തുതകൾ വളച്ചൊടിച്ച് അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചെന്നാണ് കേസ്. കൂടാതെ, അപർണയെ ഭീഷണിപ്പെടുത്താനും വ്യക്തിപരമായി ഉപദ്രവിക്കാനും പ്രേരണ നൽകിയെന്നും, ഇത് സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നതിനൊപ്പം പരാതിക്കാരിയുടെ ജീവന് ഭീഷണിയുയർത്തിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ചർച്ചയുടെ ഭാഗങ്ങൾ അബ്ദുല്ല ബാസിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അവതാരക മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നു എന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. കേസെടുത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. നടപടിയെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാക്കളും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. എഫ്ഐആർ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായി പി കെ ഫിറോസ് എംഎൽഎ അറിയിച്ചു. വർഗീയത പറയുന്നവരെ സംരക്ഷിച്ചില്ലെങ്കിലും വർഗീയത പറഞ്ഞവരെ തുറന്നു കാണിച്ചതിൻ്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസെടുത്ത നടപടി കടുത്ത വിവേചനം ആണെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് പറഞ്ഞു. അവതാരകയുടേത് വ്യാജ പരാതിയാണെന്നും പോലീസ് തിടുക്കപ്പെട്ട എഫ്ഐആർ തയ്യാറാക്കിയത് പ്രതിഷേധാർഹം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ ഇസ്ലാമിനെ പരിഹസിക്കുന്ന പരാമർശങ്ങളാണ് അവതാരക നടത്തിയത്.
യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ തിരസ്കരിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ്
യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ തിരസ്കരിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് പറഞ്ഞു.
ഭരണഘടന ഉറപ്പ് നൽകുന്ന ആശയപരമായ വിമർശനത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ രാജ്യത്തെ ഏതൊരു പൗരനെയും പോലെ അബ്ദുല്ല ബാസിലിനും ഉണ്ടെന്നിരിക്കെ അദ്ദേഹത്തെ പ്രതിയാക്കി എഫ്ഐആർ ഇട്ടതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും എം എസ് എഫ് നേതാക്കൾ പറഞ്ഞു.
നടപടിയോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ
അബ്ദുല്ല ബാസിലിന് എതിരായ നടപടിയോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ബാസിൽ എന്ത് വ്യക്തി അധിക്ഷേപമാണ് നടത്തിയതെന്നും മറ്റാരെങ്കിലും സൈബർ അറ്റാക്ക് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ ബാസിൽ എങ്ങനെ പ്രതിയാകുമെന്നും അദ്ദേഹം പങ്കുവെച്ച ഫെസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. കേസ് കൊടുക്കേണ്ടത് സൈബർ അധിക്ഷേപം നടത്തിയവർക്കെതിരെയാണ്. ബാസിലിനെതിരെ കേസ് കൊടുത്ത നടപടി മര്യാദകേടെന്നും അപർണ്ണ സ്വയം വിക്റ്റിമൈസ് ചെയ്യുന്നുവെന്നും
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന ഇടപാട് നിഷ്പക്ഷ മാധ്യമ പ്രവർത്തകക്ക് ചേർന്നതല്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ബാസിലിനെതിരായ കേസ് ജനാധിപത്യവിരുദ്ധമെന്നും അപർണയുടെ ന്യായപ്രകാരമാണെങ്കിൽ അപർണക്കെതിരെയും കേസിന് സ്കോപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.



