ലോറി തെറ്റായ രീതിയിൽ യുടേൺ എടുത്തു, ഇടിമൂഴിക്കലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മലപ്പുറം: നാഷണൽ ഹൈവേ ആറുവരിപ്പാതയിൽ ഇടിമൂഴിക്കലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം പെരുവള്ളൂർ പഞ്ചായത്ത് കൂമണ്ണ സ്വദേശികളായ കെ.ടി. ജംഷീർ, കാട്ടീരി ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. ഇടിമുഴിക്കലിന് സമീപം തെറ്റായ രീതിയിൽ യുടേൺ എടുത്ത ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 2:45ഓടു കൂടിയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ മലപ്പുറം കോഴിക്കോട് അതിർത്തി പ്രദേശമായ ഇടിമുഴിക്കലിന് സമീപം നിസരി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി ചേലമ്പ്ര ഇടിമൂഴിക്കലിൽ സർവീസ് റോഡിലേക്ക് പോകാനുള്ള എക്സിറ്റും പിന്നിട്ട് മുന്നോട്ടുപോയി. പിന്നീട് ലോറി എക്സിറ്റിലേക്ക് പോകാൻ വേണ്ടി യൂടേൺ എടുത്ത് തെറ്റായ ദിശയിലൂടെ തിരിച്ച് വന്നു. ഈ സമയത്ത് കോഴിക്കോട് ഭാഗത്തു നിന്ന് വന്ന കാർ തെറ്റായ ദിശയിൽ വന്ന ഈ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.
കാർ പൂർണമായും തകർന്നു. കാറിൽ അഞ്ച് യുവാക്കളാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് തേഞ്ഞിപ്പലം, ഫറൂഖ് പൊലീസും ഹൈവേ പൊലീസും എത്തി.
ഇരുവരും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകർ ആയിരുന്നു.



