Sat, 12 September 2026
Kerala

കരിപ്പൂരിൽ ഡയപ്പറിനുള്ളിൽ സ്വർണം കടത്താൻ ശ്രമം! 8 മാസം പ്രായമുള്ള കുഞ്ഞിനെയും കാരിയറാക്കി

Newtalks Desk

മലപ്പുറം: സ്വർണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ. കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി രൂപയാണ് മൂല്യം.

പൊന്നാനി സ്വദേശിയായ പിതാവും മൂന്ന് കുട്ടികളും ചൊവ്വാഴ്ച അർധരാത്രിയോടെ റാസൽഖൈമയിൽനിന്നാണ് കരിപ്പൂരിലെത്തിയത്. സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം കുടുംബത്തെ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തിൽനിന്നും സമാന അളവിലുള്ള സ്വർണം കണ്ടെടുത്തു.

കുട്ടികളെ സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ടോയെന്നതും ഡിആർഐ അന്വേഷിക്കുന്നുണ്ട്. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയോ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളെയോ മുൻ യാത്രകളിലും സ്വർണം കടത്താൻ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. സ്വർണക്കടത്ത് സംഘങ്ങളുടെ ശൃംഖലയുമായി കുടുംബത്തിനുള്ള ബന്ധവും അന്വേഷണപരിധിയിലുണ്ട്.

പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ കുടുംബത്തോടൊപ്പമുള്ള കുട്ടികളുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുന്നതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബാഗേജുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നത് പതിവാണെങ്കിലും, കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കം അസാധാരണമാണ്.


Leave a Reply

Your email address will not be published. Required fields are marked *