Sat, 12 September 2026
Kerala

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ, ക്ലിഫ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച

Newtalks Desk

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ. ക്ലിഫ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഖലീലുൽ ബുഖാരി തങ്ങൾ അടക്കമുള്ള നേതാക്കളാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

കാന്തപുരം നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന ഒരു കാലഘട്ടത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും, ഇത് പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിന് പിന്നാലെ രാത്രി ഒമ്പതരയോടെയാണ് പേരോട് അബ്ദുറഹ്മാൻ സഖാഫി, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. പൊന്നാനി എംഎൽഎ കെ.പി നൌഷാദ്അലിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.

സ്ത്രീകളെ വീടുകളില്‍ ഒതുക്കിനിർത്തുന്ന തരത്തിലുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പരാമർശങ്ങളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും ഇത്തരം പ്രസ്താവനകളോട് ശക്തമായ വിയോജിപ്പുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. (V D Satheesan on Kanthapuram controversy)

സ്ത്രീകള്‍ പൊതുസമൂഹത്തിന്റെ ഭാഗമാകുന്നതിനെ തടയുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇത്തരം പ്രസ്താവനകള്‍ ഇസ്‌ലാമിന്റെ ആശയങ്ങളെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നബിദിന റാലിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമയുടെ സർക്കുലർ ചർച്ചയായത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായ സർക്കുലറെന്നാണ് റിപ്പോർട്ടുകള്‍.

സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ മാത്രം ഇരിക്കണമെന്ന് പറയുന്നത് പുരോഗമന കേരളത്തിന്റെ നിലപാടല്ലെന്നും അതിനോട് തങ്ങള്‍ക്ക് യോജിക്കാനാകില്ലെന്നും പറഞ്ഞു. ഇസ്‌ളാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമാണ് പ്രസ്താവന. ഇതിന് ചരിത്രം ഓര്‍മ്മപ്പെടുത്തിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *