വടകര മാടാക്കര പള്ളി ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് വഖഫ് ബോര്‍ഡ്, പുതിയ മുതവല്ലിക്ക് ചുമതല
കോഴിക്കോട്: വടകര മാടാക്കര പള്ളി ഭരണസമിതിയെ വഖഫ് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു . വഖഫ് ബോര്‍ഡ് നിയമിച്ച കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാതെ വിഷയത്തെ പൊലീസ് നടപടിയിലേക്ക് വഴിതെറ്റിച്ചതിൽ കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. അതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
പള്ളിയിലെ സംഘർഷത്തെത്തുടർന്ന് പൊലീസ് ഇടപെടുകയും ബൂട്ടിട്ട് കയറിയെന്നതുമായി ബന്ധപ്പെട്ട് വ്യാപക വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. എന്നാൽ പൊലീസ് നടപടിയെ ന്യായീകരിച്ച് പള്ളിയുടെ ഭരണസമിതി രംഗത്തെത്തിയതോടെയാണ് വഖഫ് ബോർഡ് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്തിയത്.
ഭരണസമിതി ഏകപക്ഷീയമായും രാഷ്ട്രീയക്കാരെപ്പോലെയുമാണ് പ്രവർത്തിച്ചതെന്നും, ഇടപെട്ട് പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നിലവിലെ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത വഖഫ് ബോർഡ്, പകരം അഡ്വ. അബൂബക്കർ സിദ്ദീഖിനെ ഇടക്കാല മുത്തവല്ലിയായി ചുമതലപ്പെടുത്തി. പുതിയ മുത്തവല്ലി അഡ്വ. അബൂബക്കർ സിദ്ദീഖ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
ലാത്തിചാർജ് അടക്കമുള്ള നടപടികളിൽ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി
കോഴിക്കോട്: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാർജ് അടക്കമുള്ള നടപടികളിൽ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തിയിരുന്നു. പള്ളിയിലുണ്ടായ പൊലീസ് ഇടപെടൽ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. ഇതാണ് നടപടിയിലേക്ക് വഴിയൊരുക്കിയത് സമയബന്ധിതമായ പൊലീസ് ഇടപെടൽ കാരണം മാത്രമാണ് പ്രദേശത്ത് ഉണ്ടാകുമായിരുന്ന വലിയൊരു സംഘർഷം ഒഴിവാക്കാനും സാഹചര്യം ശാന്തമാക്കാനും സാധിച്ചതെന്നും കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടിരുന്നു. അനുരഞ്ജന സാധ്യതകൾ പരാജയപ്പെട്ടതോടെയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ല. നിയമപാലകരെ ശിക്ഷിക്കുകയല്ല, നിയമം ലംഘിച്ച് ആരാധന തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതന്നും മഹല്ല് കമ്മിറ്റി പറഞ്ഞിരുന്നു. പൊലീസ് പള്ളിക്കകത്ത് ബൂട്ടിട്ട് കയറിയതിനെ വിമര്‍ശിച്ച മുസ്ലിംലീഗും സി പി എമ്മും യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടില്ലെന്നും മഹല്ല് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. പള്ളിയിലെ പൊലീസ് ഇടപെടലിൽ ആഭ്യന്തര വകുപ്പിന്റെ നടപടിക്ക് പിന്നാലെയാണ് മഹല്ല് കമ്മിറ്റി പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. പള്ളിയിലെ സംഭവങ്ങളുടെ പേരിൽ ചോമ്പാല സ്റ്റേഷനിലെ എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു.
ആഭ്യന്തര വകുപ്പിന്റെ നടപടി
കോഴിക്കോട് റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേസിലേക്കാണ് എസ് ഐ ഷമീൽ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റിയത്. പയ്യോളി എസ് എച്ച് ഒ ജയ്മോൻ പി ജെയെ ചോമ്പാല എസ് എച്ച് ഒ ആയി നിയമിക്കുകയും ചെയ്തു. സംഭവത്തിന്റെ കൂടുതൽ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇരുവിഭാഗം തമ്മിൽ സംഘര്‍ഷമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതുമാണ് സി സി ടി വി ദൃശ്യങ്ങളിലുള്ളത്. പൊലീസിനെതിരെയും പള്ളിക്കകത്ത് പ്രതിഷേധമുണ്ടായത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്. നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്തിയതിനെ ഒരുവിഭാഗം എതിര്‍ത്തതോടെയാണ് പള്ളിയിൽ ചേരി തിരിഞ്ഞ് സംഘർഷം നടന്നത്. ബൂട്ടിട്ട് പള്ളിക്കകത്ത് കയറിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ലീഗും കെ കെ രമ എം എൽ എയും ആവശ്യപ്പെട്ടിരുന്നു. അതേ സമയം സംഘര്‍ഷങ്ങൾക്കും പൊലീസ് നടപടിക്കും പിന്നിൽ മുസ്ലിം ലീഗാണെന്നാണ് സി പി എമ്മിന്റെ വിമർശനം.



