Tue, 28 July 2026
Sports

കടുപ്പമേറിയ ആദ്യ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് മൊറോക്കോ, മിനിറ്റുകൾക്കകം സമനില ഗോളുമായി ടീം ബ്രസീൽ

Newtalks Desk

ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആശ്വാസ സമനിലയുമായി ടീം ബ്രസീൽ. പിന്നിൽനിന്ന ശേഷം അടിക്ക് തിരി ച്ചടിയുമായാണ്  ബ്രസീൽ സമനില പിടിച്ചത്. 21-ാം മിനിറ്റിൽ ഇസ്മായിൽ സയ്ബാരിയിലൂടെ മൊറോക്കോ മുന്നിലെത്തിയപ്പോൾ പത്ത് മിനിറ്റുകൾക്കപ്പുറം 32–ാം മിനിറ്റിൽ വിനിസ്യൂസ് ജൂനിയറാണ് ബ്രസീലിന്റെ രക്ഷകനായത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞെങ്കിലും മൂന്നാമതൊരു ഗോൾ നേടാൻ ഇരുവർക്കും സാധിച്ചില്ല. സൂപ്പർ താരം നെയ്മാറില്ലാതെ ഇറങ്ങിയ ബ്രസീലിനൊപ്പം നിൽക്കുന്ന പ്രകടനമാണ് മൊറോക്കോ ഗ്രൗണ്ടിൽ പുറത്തെടുത്തത്.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മൊറോക്കോയുടെ 24–ാം നമ്പർ താരം നെയ്ൽ എൽ അയനുയുടെ നീക്കത്തോടെയാണു മത്സരം കൂടുതൽ കടുത്താർജിച്ചത്. പെനാൽറ്റി ബോക്സിനു മുന്നിൽനിന്നു പന്തു പിടിച്ചെടുത്ത് നെയ്ൽ തൊടുത്ത ഷോട്ട് ബ്രസീൽ പ്രതിരോധ താരങ്ങൾ തട്ടിയകറ്റി. ആദ്യ 10 മിനിറ്റുകളിൽ ബ്രസീലിന്റെ ഗോൾ മുഖത്ത് തുടർച്ചയായി പന്തെത്തിക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചു. അതിവേഗ നീക്കങ്ങളുമായി ബ്രസീലും മറുപടി നൽകിയതോടെ ഫൗളുകൾക്കും കുറവുണ്ടായില്ല. ആദ്യ  12 മിനിറ്റുകൾക്കുള്ളിൽ ആറ് ഗോൾ നീക്കങ്ങളാണ് മൊറോക്കോ നടത്തിയത്.

14–ാം മിനിറ്റിൽ മൊറോക്കോ ഗോളി മാത്രം മുന്നിൽ നില്‍ക്കെ ലഭിച്ച മികച്ച ഹെഡര്‍ അവസരം ബ്രസീൽ താരം ഇഗോർ തിയാഗോ പാഴാക്കി. കിട്ടിയ അവസരം വേണ്ട പോലെ വിനിയോഗിക്കാൻ  തിയാഗോയ്ക്ക് സാധിച്ചില്ല.

പിന്നീട് 20–ാം മിനിറ്റില്‍ ലൂകാൻ പാക്കെറ്റയിലൂടെയും ബ്രസീൽ ഗോൾ നീക്കം നടത്തിനോക്കി. മത്സരത്തിൽ ബ്രസീൽ നിലയുറപ്പിക്കുന്നു എന്നു തോന്നിയ ഘട്ടത്തിലാണ് കാനറികളുടെ നെഞ്ചുലച്ച് മൊറോക്കോ വല കുലുക്കിയത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തു ലഭിച്ച പത്താം നമ്പര്‍ താരം ബ്രാഹിം ഡിയാസാണു ഗോളിനു വഴിയൊരുക്കിയത്. ബ്രാഹിമിൻ്റെ പാസിൽ  ഓടിയടുത്ത ഇസ്മായിൽ സയ്ബാരി ബ്രസീലിയൻ താരങ്ങളുടെ പ്രതിരോധ നിരയെ മറി കടന്ന്, ഗോൾ കീപ്പർ അലിസൻ ബെക്കറിനു മുകളിലൂടെയാണ് പന്ത് വലയിലെത്തിച്ചു. ബെക്കർ മുന്നിലോട്ടു കയറിവന്നപ്പോൾ, പെനാൽറ്റി ആർക്കിൽനിന്ന് സായ്ബാരി പന്ത് ഉയർത്തി അടിക്കുകയായിരുന്നു.

ബ്രസീൽ ടീം ആ ഗോളിൽ വണങ്ങിയില്ല. ഇരു ടീമുകളും പോരാട്ടം കടുപ്പിച്ചു. പത്തു മിനിറ്റുകൾക്കപ്പുറം ബ്രസീൽ സമനില ഗോൾ പിടിച്ചു. 32–ാം മിനിറ്റിൽ ബ്രസീലിയൻ യുവതാരം വിനീസ്യൂസ് ജൂനിയറാണ് ലക്ഷ്യം കണ്ടത്. മൊറോക്കോ ഗോൾ പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്ന് പന്തു സ്വീകരിച്ച വിനീസ്യൂസ് കട്ട് ചെയ്ത് മുന്നോട്ടു കയറിശേഷം പോസ്റ്റിന്റെ ടോപ് കോർണർ ലക്ഷ്യമിട്ടു. ബ്രൂണോ ഗിമാറസാണ് ഈ ഗോളിനു വഴിയൊരുക്കിയത്.

പോരാട്ടത്തിലെ രണ്ടാം പകുതിയിൽ ഗോളില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് കോർണറുകൾ ബ്രസീൽ നേടിയെടുത്തെങ്കിലും രണ്ടും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഹാഫ് ടൈമിനു പിന്നാലെ റോജര്‍ ഇബനെസ്, കാസെമിറോ എന്നിവരെ പിൻവലിച്ച ബ്രസീൽ ഫാബിഞ്ഞോ, ദാനിലോ എന്നിവരെ പകരക്കാരാക്കി ഇറക്കി. 51–ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി കുതിച്ച വിനീസ്യൂസ്, മൊറോക്കോ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിനകത്തെത്തിയെങ്കിലും പാസ് സ്വീകരിക്കാൻ ആളുണ്ടായിരുന്നില്ല. പന്ത് പിടിച്ചെടുത്ത മൊറോക്കോ പ്രതിരോധ താരങ്ങൾ ഭീഷണി ഒഴിവാക്കി. 52-ാം മിനിറ്റിൽ അതിവേഗ ത്രോയുടെ ആനുകൂല്യത്തിൽ തിയാഗോ ഗോൾ നേടാൻ ശ്രമിച്ചപ്പോൾ പന്ത് നേരെ പോയത് മൊറോക്കോ ഗോളി യാസിൻ ബോനുവിന്റെ കൈകളിൽ സുരക്ഷിതമാക്കി.

10 മിനിറ്റാണ് മത്സരത്തിന് ഇൻജറി ടൈമായി അനുവദിച്ചത്. 92–ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി രണ്ട് കോർണറുകൾ കിട്ടിയെങ്കിലും, എല്ലാം മൊറോക്കൻ പ്രതിരോധം തടഞ്ഞുനിർത്തി. ഇൻജറി ടൈമിൽ മൊറോക്കോയ്ക്കു ലഭിച്ച ഫ്രീകിക്ക് പാഴായി. കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ നെയ്ൽ എൽ അയ്നൂയും അയൂബ് അമയ്മൗനിയും ചേർന്ന് ബ്രസീലിനെതിരെ ഇരച്ചെത്തിയെങ്കിലും ഗോൾ കീപ്പർ അലിസൻ പെക്കർ പിടിച്ചെടുത്തു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, ഞായറാഴ്ച നടന്ന രണ്ടാം പോരാട്ടത്തിലും സ്കോർ 1–1.


Leave a Reply

Your email address will not be published. Required fields are marked *