സെപ്റ്റംബറിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
രാജ്യത്ത് സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ ലഭിക്കുകയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ദീർഘകാല ശരാശരിയുടെ 91 ശതമാനത്തിൽ താഴെ മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴക്കുറവ് അനുഭവപ്പെടുമെങ്കിലും കിഴക്ക്, വടക്കുകിഴക്ക്, മധ്യ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കി. 1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം സെപ്റ്റംബറിലെ ദീർഘകാല ശരാശരി മഴ 167.9 മില്ലിമീറ്ററാണ്. സെപ്റ്റംബറിൽ ശരാശരി ഉയർന്ന താപനില സാധാരണയേക്കാൾ കൂടുതലാകുമെന്നും കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനമുണ്ട്.
ഓഗസ്റ്റിൽ റെക്കോഡ് ചൂട്
ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് വലിയ തോതിൽ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. 213.3 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ മാസം ലഭിച്ചത്. ഇത് ശരാശരി ലഭിക്കേണ്ടതിനേക്കാൾ 16.3 ശതമാനം കുറവാണ്. 2001ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ മഴയാണ് ഇത്തവണ ഓഗസ്റ്റിൽ ലഭിച്ചത്. കൂടാതെ 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസമാണിത്. ശരാശരി താപനില 28.01 ഡിഗ്രി സെൽഷ്യസായി ഉയർന്നു. 27.34 ഡിഗ്രി സെൽഷ്യസാണ് സാധാരണ ഈ സമയത്ത് ഉണ്ടാകാറുള്ളത്. ശരാശരി കുറഞ്ഞ താപനിലയും 1901ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. സാധാരണ 23.68 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ഇത്തവണ 24.36 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.
ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലുണ്ടായ എൽ നിനോ പ്രതിഭാസമാണ് ഓഗസ്റ്റിൽ മഴ കുറയാൻ പ്രധാന കാരണമെന്ന് മൃത്യുഞ്ജയ് മഹാപാത്ര വിശദീകരിച്ചു. മധ്യ, കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ താപനില സാധാരണയേക്കാൾ കൂടുതലായിരുന്നു. വരും മാസങ്ങളിലും ഈ അവസ്ഥ തുടരാനാണ് സാധ്യത. ഓഗസ്റ്റിൽ നാല് ന്യൂനമർദങ്ങൾ രൂപപ്പെടുകയും 26 ദിവസത്തോളം നിലനിൽക്കുകയും ചെയ്തെങ്കിലും മഴ പ്രധാനമായും ഇന്തോ ഗംഗാ സമതലങ്ങളിൽ മാത്രമായി ഒതുങ്ങി. ഇത് മറ്റ് പല പ്രദേശങ്ങളിലും മഴക്കുറവിന് കാരണമായി.
ഖാരിഫ് കൃഷിയെ ബാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍
മണ്ണിലെ ഈർപ്പം കുറയുന്നത് അരി, പഞ്ചസാര, ഭക്ഷ്യഎണ്ണ, പയർവർഗങ്ങള്‍ എന്നിവയുടെ ഉത്പാദനം ചുരുങ്ങാൻ ഇടയാക്കും. ഇതോടെ ഭക്ഷ്യവിലക്കയറ്റം ഉയരാനും അതുവഴി ആർ.ബി.ഐയുടെ പലിശനയത്തെയും ഗ്രാമീണ ഉപഭോഗത്തെയും സമ്മർദത്തിലാക്കുന്ന സാഹചര്യവും രൂപപ്പെടാം.
സെപ്റ്റംബർ മാസത്തില്‍ രാജ്യത്ത് മഴ കുറയാനും അന്തരീക്ഷ താപനില ഉയരാനും സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം കാർഷിക, സാമ്പത്തിക മേഖലകളില്‍ ഒരേപോലെ ആശങ്കയുയർത്തുന്നു. ഖാരിഫ് സീസണിലെ വിളവെടുപ്പ് ഘട്ടം, റാബി സീസണിലെ കൃഷിക്കായുള്ള മണ്ണിലെ ഈർപ്പത്തിന്റെ അളവ്, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ വരുമാനം എന്നിവയെ ഇത് നേരിട്ട് പ്രതികൂലമായി ബാധിച്ചേക്കാം എന്നതാണ് വിപണിയെ ആശങ്കപ്പെടുത്തുന്ന മുഖ്യ ഘടകങ്ങള്‍.



