സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ ആവശ്യം മോദി ഉന്നയിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെയുള്ള വിഡിയോ സന്ദേശത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.
അത്യാവശ്യമെങ്കില്‍ മാത്രമേ സ്വര്‍ണം വാങ്ങാവൂ. അനാവശ്യമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത ഒഴിവാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. ആഭ്യന്തര ഉപഭോഗവും സ്വാശ്രയത്വവും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചതിന് അദ്ദേഹം ജനങ്ങളെ നന്ദി അറിയിച്ചു. സ്വാശ്രയത്വവും ആഭ്യന്തര ഉപഭോഗവും വര്‍ധിക്കുന്നതിന് സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിദേശയാത്രകളും വിദേശത്തുള്ള വിവാഹങ്ങളും ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ പൊതുവായ ആഹ്വാനത്തോടൊപ്പമാണ് സ്വര്‍ണ വാങ്ങലുകള്‍ കുറയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചത്.
ജൂലൈ മാസത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി അഞ്ചുശതമാനത്തോളം വര്‍ധിച്ചിരുന്നു. 416 കോടി ഡോളറായാണ് സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചത്. ഇത് വ്യാപാര കമ്മി വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര കമ്മിയാണ് രേഖപ്പെടുത്തിയത്. 3198 കോടി ഡോളറായാണ് വ്യാപാര കമ്മി ഉയര്‍ന്നത്.



