Sat, 12 September 2026
Kerala

മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

Newtalks Desk

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്. ഷൗക്കത്തിന്റെ വീട്ടിൽ  മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജൻ്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നാണ്. വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നു, കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു. വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ മരണശേഷവും തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണം. ഈ മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും, സാധാരണക്കാർക്ക് ഓരോ ആവശ്യത്തിനും കോടതികളെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഇത്തരമൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നതെന്നും കുറിപ്പിൽ ഉന്നയിക്കുന്നു.

സാധാരണയായി നടക്കുന്ന രീതിയിലുള്ള ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കിൽ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ട്. വാഹനത്തിൽ ചെയ്ത സ്റ്റീൽ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അൺഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാമെന്നും, എന്നാൽ മുൻപ് രണ്ട് തവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തതും ഇതേ വകുപ്പ് തന്നെയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നാണ് ഷൗക്കത്തിന്റെ അവസാനത്തെ അഭ്യർത്ഥനയായി പറയുന്നുണ്ട്.

മോട്ടോർ വാഹന വകുപ്പിലെ അഴിമതിയുടെ പ്രധാന കാരണം ഏജന്റ് സംവിധാനമാണെന്നും, ഈ ഇടനിലക്കാരെ ഒഴിവാക്കിയാൽ തന്നെ വകുപ്പിലെ ഭൂരിഭാഗം അഴിമതികളും ഇല്ലാതാക്കാൻ സാധിക്കും. ജനങ്ങൾ അഴിമതിക്കെതിരെ കാര്യക്ഷമമായി പ്രതികരിക്കണമെന്നും, പൊതുപ്രവർത്തനങ്ങളിലും ഔദ്യോഗിക കാര്യങ്ങളിലും വിവരാവകാശ നിയമം ശക്തമായ ആയുധമാക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ഷൗക്കത്ത് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Leave a Reply

Your email address will not be published. Required fields are marked *