സിനിമ കാണുന്നതിനിടെ തിയേറ്ററിൽ വെച്ച് എലികടിച്ചു: യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
തിയേറ്ററില്‍വെച്ച് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റെന്ന പരാതിയില്‍ യുവാവിന് 18,000 രൂപ നഷ്ടപരിഹാരം നല്കാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.
15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവുമാണ് തിയേറ്റർ മാനേജ്മെന്റ് ഉപഭോക്താവിന് നല്‍കേണ്ടത്.
തിയേറ്ററിനുള്ളില്‍ എലിയുടെ കടിയേറ്റ സംഭവം ഗൗരവമേറിയതാണെന്ന് കമ്മീഷൻ പ്രസിഡന്റ് കെ. കൃഷ്ണനും അംഗം കെ.ജി. ബീനയും നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിയേറ്റർ മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
സേവനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും പരാതിക്കാരന് മാനസിക ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടെന്നും ഉത്തരവില്‍ കമ്മിഷൻ പറയുന്നു. ചികിത്സയ്ക്കായി പണം ചെലവഴിക്കേണ്ടിവന്ന സാഹചര്യത്തില്‍ പരാതിക്കാരൻ നഷ്ടപരിഹാരത്തിന് അർഹനാണെന്നും ഉത്തരവിൽ പറയുന്നു.
സുഹൃത്തിനൊപ്പം രാത്രി 7.30നുള്ള ഷോ കാണാനെത്തിയ യുവാവിനാണ് സിനിമ അവസാനിക്കാറായ സമയത്താണ് എലിയുടെ കടിയേറ്റത്. ഉടൻ തിയേറ്റർ കൗണ്ടറില്‍ വിവരം അറിയിച്ചെങ്കിലും ജീവനക്കാർ ഗൗരവമായി എടുത്തില്ല. തുടർന്ന് ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടറുടെ നിർദേശപ്രകാരം ടെറ്റനസ് കുത്തിവെപ്പും പേവിഷബാധയ്ക്കെതിരായ വാക്സിനും സ്വീകരിച്ചു.
ചികിത്സയ്ക്കായി 1,500 രൂപ ചെലവായെന്നും തിയേറ്റർ മാനേജർ 1,000 രൂപ മാത്രമാണ് നല്‍കിയതെന്നും പരാതിക്കാരൻ പറഞ്ഞു. തുടർചികിത്സാ ചെലവുകള്‍ ആവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചെങ്കിലും അവഗണിച്ചു. തുടർന്നാണ് 20,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്.
പരാതി വ്യാജമാണെന്നും പരാതിയില്‍ പറയുന്ന ദിവസം യുവാവ് തിയേറ്ററില്‍ എത്തിയിട്ടില്ലെന്നും മാനേജ്മെന്റ് വാദിച്ചെങ്കിലും, പരാതിക്കാരൻ ഹാജരാക്കിയ തെളിവുകള്‍ കമ്മീഷൻ അംഗീകരിച്ചു. എലി കടിച്ചതായി കൗണ്ടറിലൂടെയോ മറ്റേതെങ്കിലും രീതിയിലോ ആരും അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒമ്പത് വർഷമായി വൃത്തിയായി പ്രവർത്തിക്കുന്ന തിയേറ്ററിനെതിരെ ഇതുവരെ ഇത്തരം പരാതികള്‍ ഉണ്ടായിട്ടില്ലെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു.
എന്നാല്‍ പരാതിക്കാരൻ ഹാജരാക്കിയ തെളിവുകള്‍ കമ്മീഷൻ അംഗീകരിച്ചു. സിനിമാ ടിക്കറ്റില്‍നിന്ന് പരാതിക്കാരൻ തിയേറ്ററില്‍ പ്രവേശിച്ചെന്ന് വ്യക്തമായതായും ആശുപത്രി രേഖകളും ബില്ലുകളും പരിശോധിച്ചതില്‍ ചികിത്സയും വാക്സിനേഷനും ലഭിച്ചതായി തെളിഞ്ഞതായും കമ്മീഷൻ വ്യക്തമാക്കി.
സിനിമ ആസ്വദിക്കാനും സന്തോഷത്തോടെ സമയം ചെലവഴിക്കാനുമാണ് ഉപഭോക്താക്കള്‍ തിയേറ്ററുകളില്‍ എത്തുന്നത്. അവിടെവെച്ച് എലിയുടെ കടിയേല്‍ക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ വ്യവഹാരച്ചെലവും പരാതിക്കാരന് നല്‍കാനാണ് തിയേറ്റർ മാനേജ്മെൻ്റിന് നിർദേശം.
സിനിമാ തിയേറ്ററുകളും മറ്റ് വിനോദ കേന്ദ്രങ്ങളും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കണം. എലി ശല്യം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതില്‍ വീഴ്ച വരുത്തുന്നത് സേവനത്തിലെ ന്യൂനതയായി കണക്കാക്കാമെന്നും കമ്മീഷൻ വിശദമാക്കി.


