ഭാര്യ വീട്ടുജോലിക്കാരിയല്ല; പങ്കാളിയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് കർണാടക ഹൈക്കോടതി
ബംഗളൂരു: വിവാഹം കഴിച്ചു എന്നതുകൊണ്ട് പങ്കാളിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും പൂർണ്ണമായി നിയന്ത്രിക്കാനോ കീഴടക്കാനോ ഉള്ള അവകാശം ഭർത്താവിന് ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ആത്മാഭിമാനവും സ്വന്തമായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും ഹനിക്കാൻ പുരുഷന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബ കോടതി വിധിച്ച പ്രതിമാസ ജീവനാംശ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. ചില്ലാക്കൂർ സുചരിത അടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെ നിർണ്ണായകമായ ഈ നിരീക്ഷണം.
ഭാര്യയും പ്രായപൂർത്തിയാകാത്ത മകളും തന്നിൽ നിന്ന് അകന്നു കഴിയുകയാണെന്നും അവർക്ക് മാസം തോറും 9,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവ് തനിക്ക് താങ്ങാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. താൻ കൂലിപ്പണിക്കാരനാണെന്നും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഇയാൾ ഹർജിയിൽ ഉന്നയിച്ചു. എന്നാൽ ഇതിനോടൊപ്പം ഭാര്യ വീട്ടുജോലികൾ ശരിയായി ചെയ്യുന്നില്ലെന്നും, മാതാപിതാക്കളെ പരിചരിക്കുന്നില്ലെന്നും, തന്റെയോ മാതാപിതാക്കളുടെയോ അനുവാദം വാങ്ങാതെ സ്വന്തം വീട്ടിലേക്ക് പോകാറുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു.
ഈ വാദങ്ങളെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, ഒരു സ്ത്രീക്ക് സ്വന്തം മാതാപിതാക്കളെ സന്ദർശിക്കാൻ ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ അനുവാദം വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ഭാര്യയെ വീട്ടുജോലികൾ ചെയ്യാനും മാതാപിതാക്കളെ പരിചരിക്കാനുമായി നിയമിച്ച ഒരു തൊഴിലാളിയെപ്പോലെയാണ് ഭർത്താവ് കാണുന്നതെന്ന പ്രതീതിയാണ് ഈ വാദങ്ങൾ ഉണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് പ്രാഥമികമായി അവരുടെ സ്വന്തം മക്കളുടെ ചുമതലയാണെന്നും, മരുമകൾ അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ലാതെ നിർബന്ധിച്ച് ചെയ്യിക്കേണ്ട ഒന്നല്ലെന്നും കോടതി പറഞ്ഞു. വീട്ടുജോലികൾ സ്ത്രീയും പുരുഷനും ഒരുപോലെ പങ്കുവെക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
വിവാഹം എന്നത് തുല്യതയില്ലാത്ത രണ്ടുപേർ തമ്മിലുള്ള ബന്ധമല്ല. സ്ത്രീയുടെ സമർപ്പണം അന്ധമായ അനുസരണയിലൂടെയോ കീഴടങ്ങലിലൂടെയോ അളക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ലിംഗഭേദത്തിന്റെ പേരിൽ മാത്രം സ്ത്രീയുടെ സ്വാതന്ത്ര്യം തടയാൻ ശ്രമിക്കുന്നത് ഭരണഘടനാ തത്ത്വങ്ങളായ തുല്യതയ്ക്കും വ്യക്തിത്വത്തിനും സാമൂഹിക നീതിക്കും നിരക്കാത്തതാണെന്ന് വ്യക്തമാക്കി.
ഇന്നത്തെ കാലഘട്ടത്തിലെ വിലക്കയറ്റവും ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ, രണ്ടുപേർക്കായി പ്രതിദിനം 300 രൂപ (ഒരാൾക്ക് 150 രൂപ) എന്നത് ഏറ്റവും കുറഞ്ഞ ജീവിതനിലവാരത്തിന് പോലും പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനാംശ തുക കുറയ്ക്കണമെന്ന ഭർത്താവിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. സ്ത്രീകളുടെ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ഒന്നായാണ് ഹൈക്കോടതിയുടെ ഈ വിധിന്യായം വിലയിരുത്തപ്പെടുന്നത്.



