മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, മലപ്പുറം ജില്ല വിഭജനം എന്നു സാധ്യമാകും?
കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ‘എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നി. കാരണം എന്റെ ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേര്‍പെട്ടു പോവുമല്ലോയെന്ന്. എന്നാലും ആ കാര്യം കൂടി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഒരു ഡിലിമിറ്റേഷന്‍ കമ്മിഷന് ഈ സര്‍ക്കാര്‍ കൊണ്ടുവരും. അക്കാര്യത്തില്‍ ഇതുകൂടി ഗൗരവപൂര്‍വം പരിഗണിക്കും’. മുഖ്യമന്ത്രി പറഞ്ഞു.
മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാത്യു കുഴല്നാടന് എംഎല്‍എ സംസാരിച്ചപ്പോള്‍ മൂവാറ്റുപുഴയുടെ സങ്കടങ്ങളെപ്പറ്റി പറഞ്ഞു. ഒരുപാട് നാളുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു. പ്രതികാര ബുദ്ധിയോടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി നിര്‍ത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നമുക്കൊരു കാര്യം നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നു വന്നിരുന്നു. പുതിയ ജില്ലകൾ രൂപീകരിക്കുമ്പോൾ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 14 ൽ നിന്നും 17 ആയി ഉയർത്തണമെന്ന ആവശ്യമാണ് ഉയർന്നുവന്നിട്ടുള്ളത്.
മലപ്പുറം ജില്ല വിഭജനം എന്നു സാധ്യമാകും?
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മലബാറിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. 2011-ലെ സെൻസസ് പ്രകാരം 44 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം, കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള ജില്ലയാണ്. പത്തനംതിട്ട, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ജനസംഖ്യയുടെ മൂന്നും നാലും ഇരട്ടി ആളുകൾ ഒരു ജില്ലയിൽ മാത്രം വസിക്കുമ്പോൾ, നിലവിലെ ഭരണസംവിധാനങ്ങൾക്ക് അത് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, നിലമ്പൂർ, വഴിക്കടവ് തുടങ്ങിയ കിഴക്കൻ മലയോര മേഖലകളിൽ നിന്നുള്ള ജനങ്ങൾക്ക് സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മലപ്പുറം നഗരത്തിലെത്താൻ 70 മുതൽ 80 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരുന്നത് വലിയ യാത്രാദുരിതത്തിനും സമയനഷ്ടത്തിനും കാരണമാകുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, തിരൂർ അല്ലെങ്കിൽ തിരുനാവായ കേന്ദ്രമാക്കി തീരദേശ-പടിഞ്ഞാറൻ താലൂക്കുകളായ തിരൂർ, പൊന്നാനി, താനൂർ എന്നിവയെ കോർത്തിണക്കി പുതിയൊരു ജില്ല രൂപീകരിക്കണമെന്നാണ് ‘മലപ്പുറം ജില്ലാ വിഭജന സമിതി’ ഉൾപ്പെടെയുള്ള വിവിധ ജനകീയ കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്. ഇടുക്കി, വയനാട് ജില്ലകൾ രൂപീകരിച്ചതുപോലെ ജനസംഖ്യയ്ക്കും ഭൂമിശാസ്ത്രപരമായ വ്യാപ്തിക്കും അനുസൃതമായി പുതിയ ജില്ല നിലവിൽ വന്നാൽ മാത്രമേ ഫണ്ടുകളുടെ ആനുപാതിക വിതരണവും വേഗത്തിലുള്ള വികസനവും സാധ്യമാകൂ എന്ന് വിഭജനത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.



