അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
പത്തനംതിട്ട: ഹോട്ടലിൽ നിന്ന് വാങ്ങിയ കേടായ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചു. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് സമർപ്പിച്ച ഹർജിയിലാണ് ഉപഭോക്തൃ കമ്മീഷന്റെ നിർണായക വിധി. റാന്നി ചേത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കഫേ’ ഉടമ ആശിഷ് ജോൺ മാത്യു, ഹോട്ടൽ മാനേജർ എന്നിവരാണ് ഈ തുക പരാതിക്കാരിക്ക് സംയുക്തമായി കൈമാറേണ്ടത്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക നൽകണമെന്നാണ് നിർദ്ദേശം.
2025 ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുകയും രുചിയിൽ പ്രകടമായ വ്യത്യാസം തോന്നി വെയിറ്ററോട് പരാതിപ്പെടുകയും ചെയ്തു. എന്നാൽ ഈ പരാതിയെ ഗൗരവമായി കാണാതിരുന്ന ഹോട്ടൽ അധികൃതർ ഇവരിൽ നിന്നും 740 രൂപ ബിൽ തുക ഈടാക്കുകയും ബാക്കിയുള്ള ഭക്ഷണം പാഴ്സലായി നൽകുകയും ചെയ്തു.
തുടർന്ന് വീടുകളിലേക്ക് മടങ്ങുന്ന വഴിയിൽ റീനയ്ക്ക് കടുത്ത ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അവസ്ഥ ഗുരുതരമായതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി മേരിക്യൂൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ കേടായ ഭക്ഷണത്തിൽ നിന്ന് പടരുന്ന ‘സാൽമൊണെല്ല’ (Salmonella) ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനാണ് രോഗകാരണമെന്ന് വ്യക്തമായി.
ചികിത്സ ചെലവുകൾ നൽകാൻ ഹോട്ടലുടമ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
ചികിത്സാ ചെലവുകളിലേക്ക് 36,500 രൂപയും, മാനസികവും ശാരീരികവുമായ പ്രയാസങ്ങൾക്കുള്ള നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവിനായി 10,000 രൂപയും അടക്കം ആകെ 96,500 രൂപയും ഹർജിക്കാരിക്ക് നൽകണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഹോട്ടലുകളുടെ സേവനത്തിൽ കൃത്യതയും ഗുണനിലവാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നതാണ് ഈ വിധിന്യായം.



