Sat, 12 September 2026
Kerala

‘പാറ്റകളല്ലാത്തവർ ശബ്ദമുയർത്തൂ!’: വിദ്യാർഥികളോട് വി.സി മോഹനൻ കുന്നുമ്മൽ; മൗനം പാലിച്ച് വിദ്യാർത്ഥികൾ,  അപഹാസ്യനായി കേരള വി.സി

Newtalks Desk

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയതാരകം’ പരിപാടിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടത്തിയ ‘പാറ്റ’ പരാമർശം ചർച്ചയാകുന്നു. വിദ്യാർഥികൾ പഠനത്തിലൂടെ കൂടുതൽ കരുത്താർജിച്ച് സമൂഹത്തിൽ തങ്ങളുടെ ഇടം കണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഐഐടി മദ്രാസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പാറ്റകളാകാനല്ല, മറിച്ച് സിംഹങ്ങളാകാനാണ് ശ്രമിക്കുന്നതെന്ന് വി.സി പറഞ്ഞു. പ്രസംഗത്തിനിടെ “പാറ്റകളല്ലാത്തവർ ശബ്ദമുയർത്തൂ” എന്ന് അദ്ദേഹം സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് പ്രതികരിച്ചത്. എന്നാൽ അറിവും കഴിവും സ്വന്തമാക്കിയാൽ, ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവർ നാളെ ഈയാംപാറ്റകളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇതോടെ ഉച്ചക്ക് ഭക്ഷണം കഴിച്ചില്ലേ? ചായ കിട്ടിയില്ലേ’ എന്നായി വി.സിയുടെ ചോദ്യം. ‘നിങ്ങൾ ഈ രാജ്യത്തിന്റെ കരുത്തരായ സിംഹങ്ങളാണ്, ദുർഗ്ഗാദേവികളാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന നാളുകൾ മികവിന്റെതാണ്. നിങ്ങൾ ലോകത്തിന്റെ ഏറ്റവും മുന്നിൽ നിൽക്കും. അതിന് നിങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കണം. ഏത് കോഴ്സ് പഠിക്കണമെന്ന് നിങ്ങളുടെ അയൽവാസി പറയും, അച്ഛൻ പറയും, ടീച്ചർ പറയും. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കോഴ്സ് ഏതാണോ അതാണ് നിങ്ങൾ പഠിക്കേണ്ടത്’ -മോഹനൻ കുന്നുമ്മൽ പറഞ്ഞു.

പരിപാടി ഉദ്ഘാടനം ചെയ്ത ഗവർണർ വിദ്യാർഥികളോട് മുതിർന്നവരിൽ നിന്ന് അനുഭവങ്ങളും അറിവുകളും സ്വീകരിക്കണമെന്നും അവരെ ആദരിക്കണമെന്നും പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് നേടുന്നതിനൊപ്പം നല്ല വ്യക്തിത്വം രൂപപ്പെടുത്തുക കൂടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മുതിർന്നവരെ ബഹുമാനിക്കാത്തവരെ സമൂഹം സ്വഭാവഗുണമില്ലാത്തവരായി വിലയിരുത്താൻ സാധ്യതയുണ്ടെന്നും അത്തരമൊരു വിലയിരുത്തൽ ഒരിക്കൽ ഉണ്ടായാൽ വ്യക്തിയുടെ മറ്റ് നേട്ടങ്ങളെക്കാൾ ആ വിശേഷണം തന്നെ മുൻപന്തിയിൽ നിൽക്കുമെന്നും ഗവർണർ പറഞ്ഞു.

പണം മാത്രമല്ല ജീവിതത്തിലെ വിജയത്തിന്റെ അളവുകോലെന്നും സമൂഹത്തിനായി ഒരാൾ എന്ത് സംഭാവന ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ എംഎൽഎ വി. മുരളീധരനും പങ്കെടുത്തു. മത്സരപരീക്ഷകളിലും വിവിധ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്തു.

‘അമ്മ എന്തെന്ന് അറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് പറയും’; കേരള വിസി വീണ്ടും ആര്‍എസ്എസ് വേദിയില്‍

തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. തിരുവനന്തപുരം മണിവിളയില്‍ സംഘടിപ്പിച്ച ‘സങ്കല്‍പ് 2026 യുവസംഗമ’ത്തിലാണ് ഇത്തവണ വിസി എത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്ത വിസി, വേദിയിലെ ഭാരതാംബ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

വന്ദേമാതരം ആലപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിസി പ്രതികരിച്ചത്. ‘അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്. ഭാരതം നമ്മുടെ അമ്മയായതുകൊണ്ടാണ് നാം വന്ദേമാതരം എന്ന് പാടുന്നത്. അമ്മ എന്താണെന്ന് അറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് പറയും’ -അദ്ദേഹം വ്യക്തമാക്കി.

രാജ്യം കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച വിസി, ലോകത്തിലെ 60 ശതമാനം മരുന്നുകളും ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നും, വിദേശരാജ്യങ്ങള്‍ക്കും ഇന്ത്യയുടെ മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച അദ്ദേഹം, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ കേരള സര്‍വകലാശാലയില്‍ വിജയകരമായി നടപ്പിലാക്കിയ കാര്യവും എടുത്തുപറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *