മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി
കോഴിക്കോട്: മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി.
കോഴിക്കോട്–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന KL-15 A 1529 നമ്പർ കെഎസ്ആർടിസി ബസിലാണ് സംഭവം. മോങ്ങം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ബസിലെ ജനറൽ സീറ്റിൽ ഇരിക്കുകയായിരുന്ന യുവതിയോട് പ്രതി അവിടെ ഇരിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തതായും തുടർന്ന് മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു.
യാത്രയ്ക്കിടെ പ്രതി കൈമുട്ടുകൊണ്ട് യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും പിന്നീട് നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. സംഭവത്തിൽ ബസ് കണ്ടക്ടർ ഇടപെടുന്നതിൽ വീഴ്ച വരുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം, സിസിടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തം; തെളിവുകൾ ശേഖരിച്ച് പൊലീസ്
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു. ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്തുകളുമാണ് മോഷ്ടിക്കപ്പെട്ടത്. കൊട്ടിയം ജംഗ്ഷന് സമീപം മയ്യനാട് റോഡിലുള്ള ലുക്മാന്‍റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മോഷണം. സമീപത്തെ 2 കടകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. രാവിലെ കടയുടമ എത്തിയപ്പോഴാണ് മൊബൈൽ ഷോപ്പിന്‍റെ ഷട്ടർ പൂട്ട് തകർന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കടന്നതോടെ മോഷണം നടന്നതായി വ്യക്തമായി. ഫോണുകളും മറ്റും വിറ്റുകിട്ടിയ പണമാണ് മോഷ്ടിക്കപ്പെട്ടത്.
കൗണ്ടർ തകർത്താണ് മോഷണം നടത്തിയത്. സമീപത്തെ കടയിലെ ക്യാമറയിൽ നിന്ന് മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. നീല ഷർട്ടും പാന്‍റും ധരിച്ച് കൈവശം ഒരു ബാഗുമായി വന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. മോഷണത്തിന് മുമ്പ് ഇയാൾ എംഎകെ ബേക്കറിക്ക് എതിർവശത്തുള്ള ഗോൾഡ്കവറിങ് കടയ്ക്കു മുന്നിൽ ഇരിക്കുന്നതായും കാണാം. ബേക്കറിയിൽ മോഷണം നടത്തിയ ശേഷം സമീപത്തെ ലോട്ടറിക്കടയുടെ ഷട്ടറിന്‍റെ പൂട്ടും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്ത ചെരുപ്പ് കടയിലും മോഷണത്തിന് ശ്രമം നടന്നു. പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം; പ്രതി കൊച്ചിയിൽ പിടിയിലായി
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ പൊലീസ് പിടികൂടി. സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്. ഓഗസ്റ്റ് എട്ടിനാണ് രണ്ടിടത്തായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്.
സ്ത്രീകൾ ബഹളം വെക്കുന്നത് കേട്ട് ആളുകൾ കൂടിയപ്പോഴേക്കും രണ്ടിടത്തു നിന്നും സുനീഷ് ഓടി രക്ഷപ്പെട്ടു. സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പ്രതിയെ ശനിയാഴ്ച വൈകീട്ട് പിടികൂടിയത്. സുനീഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് സുനീഷ് തമിഴ്‌നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.



