വന്ദേമാതര വിവാദത്തിനിടെ വൈവിധ്യം: തിരുവനന്തപുരത്ത് ദേശീയഗാനം, ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം
തിരുവനന്തപുരം/ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരാലപനം സംബന്ധിച്ച് തർക്കങ്ങളും ചർച്ചകളും നിലനിൽക്കെ, തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനം (ജനഗണ മന) മാത്രം ആലപിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തിയതിനെ തുടർന്ന്, സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെയും പൊതുഭരണ വകുപ്പിന്റെയും മാർഗനിർദേശ പ്രകാരം ദേശീയഗാനം മാത്രമാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്. അതേസമയം, ന്യൂഡൽഹിയിലെ എ.ഐ.സി.സി കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷന്റെ നേതൃത്വത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെച്ചൊല്ലി രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് വെവ്വേറെ രീതിയിലുള്ള ഈ ചടങ്ങുകൾ നടന്നത്.
സ്റ്റോപ്പ് എന്ന് സോണിയ, നെറ്റിചുളിച്ച് രാഹുൽ; വിലക്കിയിട്ടും AICC ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടി
എ.ഐ.സി.സി. ആസ്ഥാനത്തുനടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം മുഴുവനായി പാടി. മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടയ്ക്കുകയറി ഇടപെട്ടെങ്കിലും ഗാനം നിർത്തിയില്ല. സാധാരണമായി ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കുന്നതെങ്കിൽ ഇത്തവണ ഗാനം പൂർണമായി പാടിയതാണ് വിവാദത്തിന് വഴിവെച്ചത്. രാഹുൽ ഗാന്ധി ഉൾപ്പെടെ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ വന്ദേമാതരം ആലപിക്കാൻ തുടങ്ങിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. സോണിയാഗാന്ധി ഉൾപ്പെടെയുള്ളവർ ആദ്യത്തെ രണ്ട് ചരണങ്ങൾക്ക് ചുണ്ടനക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനം തുടർന്നതോടെ സോണിയയുടെ മുഖഭാവം മാറി. ഇക്കാര്യത്തിലുള്ള അതൃപ്തി ഖർഗെയോട് സൂചിപ്പിച്ചു. ഇതിനിടെ മറുവശത്ത് നിൽക്കുകയായിരുന്ന രാഹുൽഗാന്ധി ഇരുവർക്കും നേരെ നെറ്റി ചുളിച്ച് അതൃപ്തി കലർന്ന ഒരു നോട്ടമെറിയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.
കർണാടകയിലും ഹിമാചൽ പ്രദേശിലും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ഗാനം പൂർണമായി ആലപിച്ചു
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും ഹിമാചൽ പ്രദേശിലും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ഗാനം പൂർണമായി ആലപിച്ചു. രണ്ട് സംസ്ഥാനങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഗാനം മുഴുവൻ പാടണമെന്ന പുതിയ മാർഗനിർദേശം പാലിച്ചാണ് ആഘോഷച്ചടങ്ങുകൾ ആരംഭിച്ചത്. അതേസമയം യു.ഡി.എഫ്. ഭരിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനച്ചടങ്ങിൽ വന്ദേമാതരം ഒരുവരിപോലും പാടിയില്ല.
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനത്തിലും ചേരിതിരിവ്; മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി, വന്ദേമാതരം ചൊല്ലി ബിജെപി കൗൺസിലർമാർ
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ചേരിതിരിവ്. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി. അതേസമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലി. മേയറുടെ നേതൃത്വത്തിൽ എല്‍ഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാരതം ചൊല്ലിയത്. വന്ദേമാതരം ചൊല്ലുമെന്ന് മേയറെ അറിയിച്ചിരുന്നെന്ന് ബിജെപി കൗൺസിലർമാർ പറയുന്നു. എന്നാല്‍ അങ്ങനെ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ പറയുന്നത്.



