എഐ നൽകിയ ശരീരഭാരം കുറയ്ക്കൽ ഡയറ്റ് പിന്തുടർന്നു; അവയവങ്ങളുടെ പ്രവർത്തനം നിലച്ച് യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ
കൃത്രിമബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ നൽകിയ കഠിനമായ ശാസ്ത്രീയ ഡയറ്റും വ്യായാമമുറകളും കണ്ണടച്ച് പിന്തുടർന്ന യുവാവ് അവയവങ്ങളുടെ പ്രവർത്തനം നിലച്ച് അപകടനിലയിൽ. ചൈനയിലെ ചെങ്ഡുവിൽ നിന്നുള്ള 34 വയസ്സുകാരനായ ചെൻ എന്ന യുവാവാണ് എഐ വികസിപ്പിച്ച ഡയറ്റ് പ്ലാൻ പിന്തുടർന്ന് മരണവക്ത്രത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കേവലം 45 ദിവസത്തിനുള്ളിൽ 20 കിലോഗ്രാം തടികുറയ്ക്കാൻ യുവാവിന് സാധിച്ചെങ്കിലും, ശരീരത്തിന്റെ പ്രതിരോധശേഷിയും ആന്തരികാവയവങ്ങളുടെ പ്രവർത്തനവും തകരാറിലായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കപ്പെടുകയായിരുന്നു.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ചെൻ, കടുത്ത ജോലിഭാരവും തെറ്റായ ഭക്ഷണക്രമവും കാരണം 120 കിലോഗ്രാം വരെ ഭാരം വർദ്ധിച്ചതോടെയാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. തുടർന്നാണ് സയന്റിഫിക് രീതിയിലുള്ള ഭാരം കുറയ്ക്കൽ പദ്ധതിക്കായി ഇദ്ദേഹം ഒരു ജനപ്രിയ എഐ ടൂളിന്റെ സഹായം തേടിയത്. ഇയാളുടെ ശാരീരിക അവസ്ഥയോ രോഗചരിത്രമോ പരിഗണിക്കാതെയാണ് എഐ അൽഗോരിതം ഡയറ്റും വ്യായാമമുറകളും നിർദ്ദേശിച്ചത്. ദിവസവും 90 മിനിറ്റ് വീതം പടികൾ കയറിയിറങ്ങുക, ആഴ്ചയിൽ രണ്ടുതവണ 2 മുതൽ 3 മണിക്കൂർ വരെ ബാഡ്മിന്റൺ കളിക്കുക, ശരീരം വേർത്തു കുളിച്ചാലും വ്യായാമം നിർത്തരുത് തുടങ്ങിയ കടുത്ത നിർദ്ദേശങ്ങളാണ് എഐ നൽകിയത്. ഭക്ഷണത്തിൽ രാവിലെ രണ്ട് മുട്ടയും അര ബണ്ണും പാലും, ഉച്ചയ്ക്ക് 75 ഗ്രാം വീതം ബീഫും പച്ചക്കറികളും, അത്താഴത്തിന് ഒരു കപ്പ് തൈരും മാത്രമാണ് അനുവദിച്ചിരുന്നത്.
തുടർച്ചയായ 45 ദിവസത്തെ കഠിനമായ ഭക്ഷണനിയന്ത്രണവും അതിതീവ്ര വ്യായാമവും കാരണം ഇയാളുടെ ഭാരം 100 കിലോയായി കുറഞ്ഞു. എന്നാൽ ഈ സമയത്ത് പിടിപെട്ട ചെറിയൊരു ജലദോഷത്തെയും അണുബാധയെയും അവഗണിച്ച് എഐ നിർദ്ദേശപ്രകാരം കഠിനമായ വ്യായാമം തുടരുകയാണ് ഇയാൾ ചെയ്തത്. താമസിയാതെ അവശനായ ഇയാളെ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. അണുബാധയെത്തുടർന്ന് ശരീരത്തിൽ വ്യാപകമായ വീക്കവും വിഷാംശവും ഉണ്ടാകുന്ന സെപ്റ്റിക് ഷോക്ക് (Septic shock) എന്ന അവസ്ഥയിലായിരുന്നു യുവാവ്. ഇത് പെട്ടെന്ന് തന്നെ മൾട്ടിപ്പിൾ ഓർഗൻ ഡിസ്ഫങ്ഷൻ സിൻഡ്രോമിലേക്ക് (Multiple Organ Dysfunction Syndrome) നയിക്കുകയും കരൾ, വൃക്ക തുടങ്ങിയ പ്രဓാന അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കുകയും ചെയ്തു.
ആശുപത്രിയിൽ എത്തിക്കാൻ ഏതാനും മണിക്കൂറുകൾ കൂടി വൈകിയിരുന്നെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലായിരുന്നുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഐസിയു ഡെപ്യൂട്ടി ഡയറക്ടർ ഡോ. കാവോ ലിയാങ്ഹായ് പറഞ്ഞു. പട്ടിണിക്ക് തുല്യമായ പഥ്യവും കഠിനമായ വ്യായാമവും ശരീരത്തിൽ കടുത്ത നിർജ്ജലീകരണം ഉണ്ടാക്കുകയും ഇത് വൃക്കയിൽ കല്ല് രൂപപ്പെടാൻ കാരണമാവുകയും ചെയ്തു. വൃക്കയിലുണ്ടായ തടസ്സവും മൂത്രനാളിയിലെ അണുബാധയുമാണ് യുവാവിനെ മരണത്തിന്റെ വക്കിലെത്തിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
എഐ സാങ്കേതികവിദ്യയ്ക്ക് കലോറികളും കണക്കുകളും കൃത്യമായി വിശകലനം ചെയ്യാൻ സാധിക്കുമെങ്കിലും, മനുഷ്യ ശരീരത്തിന്റെ യഥാർത്ഥ പരിധികളും ശാരീരിക അവസ്ഥകളും കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. സാങ്കേതികവിദ്യകളെ അന്ധമായി വിശ്വസിക്കുന്നവർക്ക് വലിയൊരു മുന്നറിയിപ്പാണ് ഈ അനുഭവം. ആരോഗ്യ വിദഗ്ദ്ധരുടെയും ഡയറ്റീഷ്യൻമാരുടെയും നേരിട്ടുള്ള മേൽനോട്ടമില്ലാതെ ഇത്തരം ഡയറ്റുകളും വ്യായാമങ്ങളും പിന്തുടരുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



