Sun, 13 September 2026
India

ആകാശമധ്യേ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം

Newtalks Desk

ന്യൂഡൽഹി: ഓഗസ്റ്റ് 4-ന് തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറക്കുന്നതിനിടെ പെട്ടെന്ന് കാറ്റിന്റെ ഗതിമാറ്റവും അന്തരീക്ഷ വ്യതിയാനവും (Turbulence) മൂലമുണ്ടായ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്ത ഉടൻ നടത്തിയ പ്രാഥമിക പരിശോധനയിൽ പൈലറ്റിന്റെ ശരീരത്തിൽ നിരോധിത ലഹരിവസ്തുക്കളുടെ സാന്നിധ്യം സംശയിച്ചിരുന്നു. തുടർന്ന് ലാബിൽ നടത്തിയ വിശദമായ വിദഗ്ദ്ധ പരിശോധനയിലാണ് പൈലറ്റ് കഞ്ചാവ് (Marijuana) ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷനെയും (ഡിജിസിഎ) ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

​ഓഗസ്റ്റ് 4-ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി പറന്ന എയർ ഇന്ത്യയുടെ AI2379 എയർബസ് A320 വിമാനമാണ് ആകാശമധ്യേ വൻ അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്ടെന്ന് വിമാനത്തിന്റെ നിയന്ത്രണത്തിൽ വ്യതിയാനം സംഭവിക്കുകയും ഏകദേശം 300 അടി താഴ്ചയിലേക്ക് വിമാനം പെട്ടെന്ന് താഴുകയും ചെയ്തു. നിമിഷനേരം കൊണ്ട് സംഭവിച്ച ഈ ആഘാതത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന നിരവധി യാത്രക്കാരും കാബിൻ ക്രൂവും വിമാനത്തിന്റെ മേൽത്തട്ടിൽ ചെന്നു ഇടിക്കുകയും പരിക്കേൽക്കുകയും ചെയ്തു. മൊത്തം 24 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ രണ്ട് ക്രൂ അംഗങ്ങൾക്ക് നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രയിൽ പ്രവേശിക്കപ്പെട്ടു. വിമാനം പിന്നീട് ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും സംഭവം അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയായി ഡിജിസിഎ കണക്കാക്കുകയായിരുന്നു.

​അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (AAIB) ഡിജിസിഎയും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഭാഗമായി ഇരു പൈലറ്റുമാരുടെയും രക്ത-മൂത്ര സാമ്പിളുകൾ ലഹരി പരിശോധനയ്ക്കായി ശേഖരിച്ചു. വിമാനം നിയന്ത്രിച്ചിരുന്ന പ്രധാന പൈലറ്റിന്റെ (Pilot-in-Command) പ്രാഥമിക ‘ഡോപ്പ് ടെസ്റ്റ്’ ഫലം സംശയാസ്പദമായതിനെ തുടർന്ന് (Non-negative) സാമ്പിളുകൾ അംഗീകൃത ലാബിലേക്ക് അയക്കുകയായിരുന്നു. നിലവിൽ പുറത്തുവന്ന സ്ഥിരീകരണ റിപ്പോർട്ടിലാണ് പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന് ഉറപ്പായത്.

​ഡിജിസിഎയുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വിമാന ജീവനക്കാർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് കടുത്ത കുറ്റകൃത്യമാണ്. ആദ്യ തവണ പോസിറ്റീവ് റിപ്പോർട്ട് വരികയാണെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരനെ ഉടനടി സുരക്ഷാചുമതലകളിൽ നിന്ന് നീക്കുകയും ഡി-അഡിക്ഷൻ അല്ലെങ്കിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുകയും വേണം. തുടർന്ന് നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആയാൽ മാത്രമേ തിരികെ ജോലിയിൽ പ്രവേശിപ്പിക്കൂ. എന്നാൽ രണ്ടാമതും കുറ്റം ആവർത്തിച്ചാൽ പൈലറ്റ് ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. മൂന്നാം തവണയും ലഹരി ഉപയോഗിച്ചതായി കണ്ടാൽ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുന്നതാണ് നിയമം.

നിലവിൽ ഇരു പൈലറ്റുമാരെയും ഡിജിസിഎ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് (Off-rostered). സാങ്കേതിക തകരാറുകളും അന്തരീക്ഷ വ്യതിയാനവും അപകടത്തിന് കാരണമായോ എന്നും, പൈലറ്റിന്റെ ലഹരി ഉപയോഗമാണോ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ ഇടയാക്കിയത് എന്നതിനെക്കുറിച്ചും വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഔദ്യോഗികമായി കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്. എന്നാൽ വ്യോമയാന മേഖലയിലെ ഇത്തരം ഗുരുതരമായ അശ്രദ്ധ യാത്രക്കാരുടെ ജീവന് വൻ ഭീഷണിയാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *